വൈപ്പിന്‍: ഞാറയ്ക്കലില്‍ ഊടാറക്കല്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പിതാവും മകനും വീട്ടില്‍ വച്ച് പരസ്പരം വാക്കത്തിക്ക് വെട്ടിയ സംഭവത്തില്‍ ഗുരുതരാവസ്ഥയിലായ മകന് ജയേഷി (33)നെ എറണാകുളം ജനറലാശുപത്രിയില്‍ നിന്നും കഴിഞ്ഞ രാത്രിതന്നെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.
മകന്റെ വെട്ടേറ്റ് പിതാവ് പീച്ചുള്ളില് പ്രസന്നന് (57) തല്‍ക്ഷണം മരിച്ചിരുന്നു. ഇയാളുടെ ഇന്‍ക്വസ്റ്റ് പോലീസ് ഇന്ന് രാവിലെ നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. മകന് ജയേഷിനു തലയ്ക്കും കൈക്കുമാണ് വെട്ടേറ്റിട്ടുള്ളത്.
ആള് സംസാരിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രസന്നന്റെ കഴുത്തിലേറ്റ വെട്ടാണ് തല്‍ക്ഷണം മരിക്കാനിടയാക്കിയതത്രേ. സംഭവത്തില്‍ ജയേഷിനെതിരെ പോലീസ് കൊലപാതകത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു.
വിവാഹം കഴിച്ചിട്ടുള്ള പ്രസന്നന്റെ ആദ്യ ഭാര്യയിലുള്ള രണ്ട് മക്കളില്‍ ഒരാളാണ് ജയേഷ്. ആദ്യ ഭാര്യ ജയ മരിച്ചു പോയിരുന്നു. പിന്നീട് വിവാഹം കഴിച്ചതിലും രണ്ട് മക്കളുണ്ട്.
നാല് സെന്റ് ഭൂമിയില്‍ നിലവിലുള്ള വീടു കൂടാതെ ഒരു ഷെഡ് വെച്ച് കെട്ടിയാണ് ജയേഷും കുടുംബവും താമസിച്ചുവരുന്നത്. ഇതില്‍ നിന്നും രണ്ട് സെന്റ് ജയേഷിനു എഴുതി നല്‍കണമെന്ന് പറഞ്ഞ് നേരത്തെ മുതല്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് പരസ്പരം വെട്ടാനിടയാക്കിയതെന്നാണ് പോലീസ് പറയുന്നത്.
തെങ്ങുകയറ്റ തൊഴിലാളികളായ പിതാവും മകനും മദ്യപിക്കുമ്പോള്‍ ഭൂമിയുടെ പേരില്‍ വഴക്ക് കൂടാറുണ്ടത്രേ. ഇരുവരും തമ്മില്‍ ഇതേ പോലെ നേരത്തെയുണ്ടായ തര്‍ക്കത്തില്‍ ജയേഷിനെ പ്രസന്നന് വാക്കത്തിക്ക് വെട്ടിയതിനു കേസുണ്ടായിരുന്നതാണ്.
ഇന്നലെയും ഇതുപോലെ മദ്യപിച്ച് വഴക്ക് കൂടിയ സമയത്താണ് പരസ്പരം വാക്കത്തിക്ക് വെട്ടിയത്.