തിരുവനന്തപുരം: പിഞ്ചു കുഞ്ഞിനെയും മുത്തശിയെയും തെരുവുനായ കടിച്ചുകീറി. പട്ടികടിച്ച് ഗുരുതരമായി പരിക്കേറ്റ കിളിമാനൂര്‍ നഗരൂര്‍ ആല്‍ത്തറമൂട് കുന്നില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്-ആശ ദമ്പതികളുടെ നാലുവയസുകാരന് മകന് അഭിജിത്തിനേയും അമ്മൂമ്മ സതിയേയും (52) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും ചുണ്ടിലുമാണ് കുട്ടിക്ക് കടിയേറ്റത്. ആല്‍ത്തറമൂട് ഗുരുദേവ് സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ് അഭിജിത്ത്.
പനിയായതിനാല്‍ അഭിജിത്ത് ഇന്നലെ സ്കൂളില്‍ പോയിരുന്നില്ല. വീടിന്റെ മുറ്റത്ത് അമ്മുമ്മയോടൊപ്പം അഭിജിത്ത് നില്ക്കുന്ന സമയത്താണ് പട്ടി വന്ന് അമ്മുമ്മയെ കടിച്ചത്. അതുകഴിഞ്ഞാണ് കുട്ടിയെ കടിച്ചത്. ഗുരുദേവ സ്കൂളിലെ രണ്ടു കുട്ടികളെ കടിച്ചതിനു ശേഷമാണ് പട്ടിയവിടെ എത്തിയതെന്ന് സതി പറഞ്ഞു.