കര്‍ക്കിടകവാവ് ബലിതര്‍പ്പണം: ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും

klm-vavuകൊല്ലം :കര്‍ക്കിടകവാവ് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് അഞ്ചുകല്ലുംമൂട് മുതല്‍ തിരുമുല്ലാവാരം വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് എ ഡി എം ഐ.അബ്ദുല്‍സലാം അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് ഒന്നുമുതല്‍ രണ്ടിന് വൈകുന്നേരം ആറുവരെ നിയന്ത്രണം ഉണ്ടാവും. ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം ഏഴുലക്ഷത്തിലധികം പേര്‍ ബലിതര്‍പ്പണം നടത്തിയെന്നാണ് കണക്കാക്കുന്നത്. ഇത്തവണ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും. പോലീസ്, ഫര്‍ഫോഴ്‌സ്, എക്‌സൈസ് സംഘങ്ങളുടെ സേവനം ഉപയോഗപ്പെടുത്തും. പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ മെഡിക്കല്‍ സംഘത്തില്‍ ഉണ്ടാവും.

മുണ്ടയ്ക്കല്‍ പാപനാശത്തും തിരുമുല്ലാവാരത്തും ഓരോ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ഉണ്ടാവും. കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെയും നിയമിക്കും. ഇതിനായി പ്രത്യേക പരിശീലനം നേടിയ പന്ത്രണ്ട് ലൈഫ് ഗാര്‍ഡുകളെ മറൈന്‍ എന്‍ഫോഴ്‌സ്മന്റില്‍ നിന്നും കൂടുതലായി നിയോഗിക്കും. കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തും. അംഗപരിമിതര്‍ക്കായിദേവസ്വത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക വാഹനം സര്‍വീസ് നടത്തുന്നുണ്ട്. ആഹാരസാധനങ്ങള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്താന്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ എ ഡി എം ചുമതലപ്പെടുത്തി.

Related posts