യാത്രികരെ ബുദ്ധിമുട്ടിച്ച് പരുമലയില്‍ വഴിയോര കച്ചവടം

ALP-PARUMALAമാന്നാര്‍: പരുമലയിലെ റോഡുകള്‍ക്കിരുവശവുമായി നടത്തി വരുന്ന വഴിയോര കച്ചവടം നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും വിവിധ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വെള്ളിയാഴ്ച ദിവസങ്ങളിലാണ് പരുമല പാലത്തിനു താഴത്തെ വശം മുതല്‍ പരുമല പള്ളി കുരിശ് വരെയുള്ള റോഡുകളുടെ ഇരുവശങ്ങളും കച്ചവടക്കാര്‍ കൈയടക്കുന്നത്. പ്രധാനമായും പച്ചക്കറിയാണ് പ്രധാന വില്പനയെങ്കിലും തുണിത്തരങ്ങളും ചെടികളും മീനും എല്ലാം ഇപ്പോള്‍ വില്‍പ്പനയ്ക്കായി എത്തുന്നുണ്ട്. വില്പന കഴിഞ്ഞ് ഇവര്‍ നിക്ഷേപിച്ചു പോകുന്ന മാലിന്യങ്ങളും നാട്ടുകാര്‍ക്കു വിനയാകുന്നു. നൂറോളം കച്ചവടക്കാര്‍ റോഡുവക്കത്തും സമീപത്തുള്ള പള്ളിയുടെ പുരയിടങ്ങളിലുമായിട്ടാണ് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞു പോകുന്നത്. ഇതു വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.

കച്ചവടക്കാരുടെ ബഹളം സമീപത്തുള്ള സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. ഇവിടുത്തെ കച്ചവടം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് വാഹന യാത്രക്കാര്‍ക്കാണ്. കച്ചവടക്കാര്‍ വരുന്ന വാഹനങ്ങളും സാധനങ്ങള്‍ വാങ്ങുവാന്‍ വരുന്നവരുടെ വാഹനങ്ങളും റോഡില്‍ നിറയുന്നതോടെ മറ്റു വാഹനങ്ങള്‍ക്കു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. പലപ്പോഴും അപകടങ്ങളും ഇവിടെ പതിവാണ്.

പരുമല പള്ളിയില്‍ എത്തുന്നവര്‍ക്കും ഈ വഴിവാണിഭം ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇവിടുത്തെ കച്ചവടം അവസാനിപ്പിക്കണെന്നു ആവശ്യപ്പെട്ട് മാന്നാര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കളക്ടര്‍ക്കും, പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗ്രാമസഭയിലും കച്ചവടം അവസാനിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

Related posts