കടുത്തുരുത്തി: ആയാംകുടി – കല്ലറ റോഡില്‍ കപിക്കാട് പ്ലാംചുവട് ഭാഗത്ത് റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്കരമായി. ആറ് മാസത്തിലേറേയായി റോഡ് തകര്‍ന്ന നിലയിലാണ്. വന്‍ കുഴികളാണ് റോഡില്‍ രൂപപെട്ടിരിക്കുന്നത്. മണ്ണുമായി പായൂന്ന ടിപ്പര്‍, ടോറസ് ലോറികളുടെ ഓട്ടമാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. പുലര്‍ച്ചെ മുതല്‍ ഇതിലേ ടിപ്പറുകളുടെ പാച്ചിലാണെന്നും നാട്ടുകാര്‍ പറയുന്നു. മുമ്പ് ഈ ഭാഗത്ത് റോഡിലെ കുഴിയില്‍ വാഴ നട്ട് നാട്ടുകാര്‍ പ്രതിക്ഷേധിച്ചിരുന്നു. ഈ ഭാഗത്ത് റോഡില്‍ വന്‍ കുഴികളാണ് രൂപപെട്ടിരിക്കുന്നത്.
മഴയത്ത് റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നത് അപകട ഭീഷിണി ഉയര്‍ത്തുകയാണ്. ഇരുചക്ര, മുചക്ര വാഹനങ്ങള്‍ ഇതിലേ കടന്നു പോകുന്നത് ഏറേ പ്രയാസപെട്ടാണ്. മുമ്പ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാന്‍ റോഡില്‍ കുഴി യെടുത്തിരുന്നു. ഇതു പിന്നീട് നേരാവണ്ണം മൂടാതിരുന്നതും റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമായി. മുമ്പ് റോഡിലെ കുഴികളടയ്ക്കാന്‍ മടയില്‍ നിന്നും മക്ക് ഇറക്കിയിരുന്നു. എന്നാല്‍ മഴ ശക്തമായതോടെ റോഡ് വീണ്ടും തകര്‍ന്നിരിക്കുകയാണ്.