നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ റിട്ടയറിംഗ് സെന്റര്‍ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു

ekm-railwayകൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ റിട്ടയറിംഗ് സെന്ററിന്റെ നിര്‍മാണം പാതിവഴിയില്‍ ഇഴഞ്ഞു നീങ്ങുന്നു. 2010ല്‍ നിര്‍മാണ ആരംഭിച്ചതാണ് റെയില്‍വേയുടെ മേല്‍നോട്ടത്തിലുള്ള റിട്ടയറിംഗ് സെന്ററിന്റെ നിര്‍മാണം. അഞ്ച് ഡബിള്‍ ബെഡ് റൂമും പത്തുപേര്‍ക്ക് താമസിക്കുവാന്‍ സാധിക്കുന്ന ഡോര്‍മിറ്ററിയുമടക്കമാണ് റിട്ടയറിംഗ് സെന്റര്‍. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് ബുക്കിംഗ് സെന്ററിന്റെ മുകളിലാണ് ഈ സൗകര്യങ്ങള്‍ ഒരുക്കുന്നത്.

കെട്ടിടത്തിന്റെ പണികള്‍ ഏകദേശം പൂര്‍ത്തിയാക്കിയെങ്കിലും മറ്റു പണികള്‍ പൂര്‍ത്തിയാക്കാതെ പാതിവഴിയിലായി നില്‍ക്കുകയാണ് റിട്ടയറിംഗ് റൂം. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് പുറമെയുള്ള  ലോഡ്ജുകളിലും മറ്റും പോകാതെ റെയില്‍വേ സ്‌റ്റേഷനില്‍ തന്നെ താമസിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യമൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് റിട്ടയറിംഗ് സെന്റര്‍. നഗരത്തില്‍ ആദ്യമായി എത്തുന്ന യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് നഗരത്തില്‍ യാതൊരു പരിചയവുമില്ലാവര്‍ക്ക് റെയില്‍വേ തന്നെ സൗകര്യമൊരുക്കുന്നത് ഏറെ സഹായകമാകും എന്നത് മുന്നില്‍ കണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ശ്രമം തുടങ്ങിയത്.

രാത്രി യാത്രക്കാര്‍ക്ക് വളരെ സഹായകരമാകുന്ന പദ്ധതി വഴി നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് ചെറിയ തുകയ്ക്ക് താമസ സൗകര്യം ലഭ്യമാക്കും എന്ന പ്രത്യേകതയുമുണ്ട്. ലോഡ്ജുകളില്‍ നിന്ന് ഉണ്ടാകുന്ന ചൂഷണങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായകരമാകും. എന്നാല്‍ പദ്ധതി വിഭാവനം ചെയ്ത് നിര്‍മാണം പാതിവഴിയില്‍ എത്തിയത് തന്നെ ഒച്ചിഴയുന്ന വേഗത്തിലാണ്. കെട്ടിടത്തിന്റെ ഉള്‍ഭാഗത്തെ നിര്‍മാണപ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ വികസനവുമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. എത്രയും വേഗം ഈ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കി റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് താമസസൗകര്യമൊരുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

പദ്ധതിയുടെ വിഭാവനം ചെയ്തത് ബുക്കിംഗ് സെന്റര്‍ കെട്ടിടനിര്‍മാണത്തിന്റെ ഒപ്പം തീര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു. ടിക്കറ്റ് ബുക്കിംഗ് സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങളായിട്ടും റിട്ടയറിംഗ് സെന്റര്‍ പാതിവഴിയില്‍ തന്നെ. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിലവില്‍ രണ്ട് ബെഡ് റൂമും ഏഴുപേര്‍ക്കുള്ള ഡോര്‍മിറ്ററി സൗകര്യവുമുള്ള റിട്ടയറിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെക്കാള്‍ സൗകര്യങ്ങളുള്ള അത്യധുനിക സെന്റര്‍ ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകുന്നത് മൂലം പദ്ധതി ഇല്ലാതാക്കും എന്ന ആശങ്കയും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

Related posts