കൊച്ചി: സൈബര് സാമ്പത്തിക തട്ടിപ്പ് സംഘങ്ങളെ പൂട്ടാന് പോലീസ് നടത്തിയ ഒപ്പറേഷന് സൈ ഹണ്ടില് ജില്ലയില് ഏറ്റവും കൂടുതല് അറസ്റ്റ് റൂറലില്. 43 പേരാണ് ഇവിടെ അറസ്റ്റിലായത്. ജില്ലയില് ആകെ 46 അറസ്റ്റ് ആണ് ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. റൂറല് ജില്ലയില് 102 ഇടങ്ങളിലാണ് പരിശോധന നടന്നത്.
കോതംമംഗലത്ത് നിന്ന് എട്ട് പേരെയും, മൂവാറ്റുപുഴ ഏഴ്, ആലുവ, എടത്തല, പെരുമ്പാവൂര് എന്നിവിടങ്ങളില് നിന്ന് നാല് പേരെ വീതവും അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയില് 36 ഇടങ്ങളിലും, കോതമംഗലത്ത് 21 ഇടങ്ങളിലുമാണ് പോലീസ് പരിശോധന നടത്തിയത്. ചെക്ക് വഴിയും, എടിഎം വഴിയും സംശയാസ്പദമായി പണം പിന്വലിച്ചവരെയും ബാങ്ക് അക്കൗണ്ടുകള് വാടകയ്ക്ക് നല്കിയവരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
മൂവാറ്റുപുഴയില് പിടിയിലായവര് ഓണ്ലൈന് തട്ടിപ്പ് വഴി ലക്ഷങ്ങളാണ് കൈക്കലാക്കിയത്. പ്രതികള് സാമ്പത്തിക ലാഭത്തിനുവേണ്ടി കമ്മീഷന് വ്യവസ്ഥയില് ബാങ്ക് അക്കൗണ്ടുകള് കൈകാര്യം ചെയ്യുന്ന തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് പോലീസ് പറയുന്നു.
കോതമംഗലത്ത് പിടിയിലായ ഒരാളുടെ ബാങ്ക് അക്കൗണ്ടില് നിന്നും സംശയാസ്പദമായി 2.97 ലക്ഷം രൂപയാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. കാലടിയില് അറസ്റ്റിലായ പ്രതിയുടെ അക്കൗണ്ടിലേക്ക് തട്ടിപ്പ് പണം എത്തിയത് 24 തവണയാണ്. 76.38 ലക്ഷം രൂപയാണ് ഇത്തരത്തില് എത്തിയത്. മ്യൂള് അക്കൗണ്ട് വഴിയും ചെക്ക് ഉപയോഗിച്ചുമാണ് പണം പിന്വലിച്ചിട്ടുള്ളത്.
സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന് സൈ ഹണ്ടില് ഏറ്റവും കൂടുതല് കേസുകള് രജിസ്റ്റര് ചെയ്തത് കോഴിക്കോട്–ജില്ലയിലാണ്. 67. കോഴിക്കോട് സിറ്റിയില് 43, റൂറലില് 24 കേസുകള് രജിസ്റ്റര് ചെയ്തു. ഏറ്റവും കൂടുതല് അറസ്റ്റ് നടന്നത് എറണാകുളത്താണ്. എറണാകുളത്ത് 46 പേരെ അറസ്റ്റ് ചെയ്തതില് 43 പേര് റൂറലിലും, മൂന്ന് പേര് സിറ്റിയിലുമാണ്.


 
  
 