കൊച്ചി: അര്ജന്റീന ഓസ്ട്രേലിയ സൗഹൃദ മത്സരം നടക്കില്ലെന്ന് ഉറപ്പായതോടെ കലൂര് സ്റ്റേഡിയം നവീകരണം മന്ദഗതിയില് ആയെന്ന ആരോപണവുമായി കലൂര് സ്റ്റേഡിയം ഷോപ്പ് ഓണേഴ്സ് അസോസിയേഷന്. നിലവിലെ വേഗതയില് നിര്മാണ പണികള് തുടര്ന്നാല് നിശ്ചിത സമയത്തിനുള്ളില് പൂര്ത്തീകരിക്കാനാകുമോ എന്ന് സംശയമുണ്ട്. പണികള് തീരാതെ വന്നാല് അത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും വ്യാപാരികള് ആശങ്ക പങ്കുവച്ചു.
നിലവില് അറ്റകുറ്റപ്പണികള് മൂലം പ്രദേശത്തെ പൊടി ശല്യം രൂക്ഷമാണ്. ഇത് കച്ചവടത്തെ ബാധിക്കുന്നുണ്ട്. പ്രദേശത്തെ റോഡ് അടക്കം ഏതാനും ഇടങ്ങളില് കുത്തിപ്പൊളിച്ച് ഇട്ടിരിക്കുന്നത് വാഹനങ്ങള് കടന്നു വരുന്നതിന് പ്രതിസന്ധി തീര്ക്കുന്നു. 120 ഓളം കടകളാണ് ഇവിടെ പ്രവര്ത്തിക്കുന്നത്. ഇതില് 50ല് അധികവും ഹോട്ടലുകളാണ്.
പൊടി ശല്യം അടക്കം പ്രതികൂലമായി ബാധിക്കുന്നതും ഇവിടുത്തെ ഭക്ഷണശാലകളെയാണ്. അതേസമയം സ്റ്റേഡിയവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള് ഉയരുന്ന പശ്ചാത്തലത്തില് സ്പോണ്സര് പിന്മാറിയാല് നിര്മാണം അവതാളത്തിലാകും. ഇതോടെ കച്ചവട സ്ഥാപനങ്ങള് പ്രതിസന്ധിയിലാകും. ഇത് ഒഴിവാക്കാനുള്ള നടപടികള് അധികൃതര് സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. 
നവീകരണത്തിന്റെ മറവില് മരംമുറി നടന്നെന്ന പ്രചാരണം വ്യാജമാണ്. മരങ്ങളുടെ ശിഖരങ്ങള് മാത്രമാണ് മുറിച്ചിട്ടുള്ളത്.
വെള്ളക്കെട്ട് രൂപപ്പെട്ടെന്ന പ്രചാരണവും തെറ്റാണ്. സ്റ്റേഡിയം നവീകരിക്കണം അനിവാര്യമാണ്. ഫിഫ നിലവാരത്തിലേക്ക് സ്റ്റേഡിയം മാറിയാല് കളി നടക്കുമ്പോള് കട പൂട്ടുന്ന പതിവ് ഒഴിവാക്കാം. ഈ കാരണങ്ങള് കൊണ്ടുതന്നെ നവീകരണ പ്രവര്ത്തനം വേണമെന്ന ആവശ്യക്കാരാണ് തങ്ങള്.
എന്നാല് വിവാദ പ്രചാരണങ്ങളില് കുടുങ്ങി നിലവില് നടക്കുന്ന നിര്മാണ പ്രവര്ത്തനങ്ങള് നിലച്ചുപോകരുതെന്നും അസോസിയേഷന് ഭാരവാഹികളായ സെക്രട്ടറി ജേക്കബ് രാജു, ജോയിന്റ് സെക്രട്ടറി പി.ആര്. ജോണ്സണ്, പ്രസിഡന്റ് ജിജികുമാര്, വി.ആര്. നായര്, അനു ചന്ദ്രശേഖര് എന്നിവര് പറഞ്ഞു.


 
  
 