വാസയോഗ്യമല്ലെന്ന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്; എന്നിട്ടും ഇവിടെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നു

knr-loadebengaliതളിപ്പറമ്പ്: വാസയോഗ്യമല്ലെന്ന് വില്ലേജ് ഓഫീസര്‍ പരിശോധിച്ച് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയ കെട്ടിടത്തില്‍ എഴുപതോളം ഇതരസംസ്ഥാന തൊഴിലാളികള്‍. സ്‌ളാബില്ലാതെ തുറന്നു കിടക്കുന്ന കക്കൂസ് ടാങ്കില്‍ നിന്നും മലമൂത്ര വിസര്‍ജ്യങ്ങള്‍ ഓടകളിലേക്കും റോഡിലേക്കും ഒഴുകുന്നു. പ്രദേശത്ത് രൂക്ഷമായ കൊതുകുശല്യവും രോഗഭീഷണിയും.സംസ്ഥാനപാതയോരത്ത് തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപത്തെ ലോഡ്ജാണ് പൊതുസമൂഹത്തിന് മുഴുവന്‍ ഭീഷണി സൃഷ്ടിക്കുന്നത്. ഒരുവര്‍ഷം മുമ്പ് നാട്ടുകാര്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തഹസില്‍ദാര്‍ സ്ഥലം പരിശോധിക്കുകയും വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വാസയോഗ്യമല്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത കെട്ടിടത്തിലാണ് എഴുപതോളം അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നത്.

ഒരു റൂമിന് പ്രതിമാസം ഏഴായിരം രൂപയാണ് ഈടാക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. ഓരോ റൂമിലും കുത്തിനിറച്ചാണ് തൊഴിലാളികളെ താമസിപ്പിക്കുന്നത്. പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ പൊട്ടിപ്പൊളിഞ്ഞ രണ്ട് കക്കൂസ് മാത്രമാണുള്ളത്. സഌബില്ലാതെ തുറന്നുകിടക്കുന്ന സെപ്റ്റിക്ക് ടാങ്കില്‍ നിന്നും മഴപെയ്യുമ്പോള്‍ മാലിന്യങ്ങള്‍ സംസ്ഥാനപാതയിലെ ഓടയിലേക്ക് ഒഴുകിയെത്തുകയാണ്. ഓടകള്‍ മണ്ണ് നിറഞ്ഞ് ബ്ലോക്കായി കിടക്കുന്നതിനാല്‍ മലിനജലം റോഡിലേക്ക് കുത്തിയൊഴുകുകയാണ്.

അതിരൂക്ഷമായ ദുര്‍ഗന്ധമാണ് പരിസരവാസികള്‍ സഹിച്ചുകൊണ്ടിരിക്കുന്നത്. പ്രദേശത്ത് കൊതുകുശല്യവും പനിബാധയും അടുത്തകാലത്തായി വര്‍ദ്ധിച്ചതിന് കാരണം യാതൊരു വിധ സൗകര്യവുമില്ലാത്ത കെട്ടിടത്തില്‍ ഇതരസംസ്ഥാന തൊഴിലാൡളെ പാര്‍പ്പിച്ചതാണെന്ന് നാട്ടുകാര്‍ പറയുന്നു. 65 വര്‍ഷത്തോളം പഴക്കമുള്ള ലോഡ്ജ്് കെട്ടിടം ആദ്യകാലത്ത് സര്‍സയ്യിദ് കോളജില്‍  വിദൂര സ്ഥലങ്ങളില്‍  നിന്ന് പഠിക്കാനെത്തിയവര്‍ താമസിച്ചിരുന്നതാണ്.

യാതൊരു വിധ അറ്റകുറ്റപ്പണികളും ചെയ്യാതെ പ്രതിമാസം അന്‍പതിനായിരത്തിലേറെ രൂപയാണ് തൊഴിലാളികളില്‍ നിന്നും വാടകയായി വാങ്ങുന്നതെന്ന് നാട്ടുകാര്‍ നഗരസഭാ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംസ്ഥാനപാതയോരത്തായതിനാല്‍ കെട്ടിടം പൊതുജനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.  പിന്‍ഭാഗം മുഴുവനായി തകര്‍ന്നു വീണു കഴിഞ്ഞു. പൊതുജനാരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയായ കെട്ടിടം അടിയന്തിരമായി പൊളിച്ചുനീക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ തലശ്ശേരി ആര്‍ഡിഒക്ക് പരാതി നല്‍കിയിട്ടുണ്ട്.

Related posts