പാറശാല: സ്ഥിരമായി വാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ചു വിറ്റുവന്നിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്‍വിള കിഴക്കേക്കര വീട്ടില്‍ മാണിക്യത്തിന്റെ മകന് ഷിജിന് (24) ആണ് അറസ്റ്റിലായത്. പാറശാലയില്‍ പ്രവര്‍ത്തിക്കുന്ന കല്ലിംഗല്‍ ഓട്ടോ മൊബൈല്സിനു മുന്നില്‍ നിന്നും മോഷണം പോയ ഓട്ടോറിക്ഷയുടെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇക്കഴിഞ്ഞ 30നാണ് മോഷണം നടത്തിയത്.
നാട്ടില്‍ വളരെ മാന്യനായി ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ് ഷിജിന്. രാത്രി ഏഴുമണിക്കും പതിനൊന്നു മണിക്കുമിടയിലാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. ആര്‍ക്കും സംശയമുണ്ടാകാത്ത രീതിയില്‍ കാക്കി യൂണിഫോമില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകളില്‍ സ്വന്തം വാഹനത്തിലെന്നപോലെ കയറിയിരുന്ന് വയറുകള്‍ പൊട്ടിച്ച് ഷോര്‍ട്ടാക്കി സ്റ്റാര്‍ട്ടു ചെയ്താണ് ഇദ്ദേഹം മോഷണം നടത്തിയിരുന്നത്. സമാനമായ രീതിയില്‍ പള്ളിച്ചല്‍, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നും ഇരുചക്ര വാഹനങ്ങള്‍ മോഷണം നടത്തിയതിനു കേസുകള്‍ നിലവിലുണ്ട്.
ഓട്ടോറിക്ഷ പൊളിച്ചു വില്ക്കാന് ശ്രമിക്കുന്നതിനിടെ റൂറല്‍ എസ്പി ഷെഫീന്‍ അഹമ്മദിനു ലഭിച്ച രഹസ്യ വിവരത്തിനെ തുടര്‍ന്ന്, നെയ്യാറ്റിന്‍കര ഡിവൈഎസ്പി എം.കെ. സുള്‍ഫിക്കര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ്കുമാര്‍, പാറശാല സിഐ ജെ. സന്തോഷ്കുമാര്‍, എസ്ഐ എസ്.ബി. പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.