അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് രാത്രിയും പകലുമായി പിങ്ക് ബോളിൽ നാളെ മുതൽ അഡ്ലെയ്ഡ് ഓവലിൽ തുടങ്ങും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ജയിച്ച് ഓസ്ട്രേലിയ മുന്നിലാണ്.
രണ്ടാം ടെസ്റ്റിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ഓസീസിന് പരിക്ക് ഭീഷണിയാണ്. പേസർ ജോഷ് ഹേസിൽവുഡ് മത്സരത്തിൽ കളിക്കില്ലെന്ന് ഉറപ്പായി. ജയ് റിച്ചാർഡ്സണ് പകരം ടീമിലെത്തും. ഓപ്പണർ ഡേവിഡ് വാർണറും പരിക്കിന്റെ പിടിയിലാണെങ്കിലും കളിച്ചേക്കുമെന്നാണ് ഓസീസ് ടീം മാനേജ്മെന്റ് സൂചന നൽകുന്നത്.
ആദ്യ ടെസ്റ്റിൽ ബെൻ സ്റ്റോക്സ് എറിഞ്ഞ പന്തുകൊണ്ട് പരിക്കേറ്റ വാർണർ രണ്ടാം ടെസ്റ്റിന്റെ പരിശീലന സെക്ഷനിലും പൂർണമായും പങ്കെടുത്തിരുന്നില്ല. വാർണറുടെ കാര്യത്തിൽ നാളെയാകും ഓസീസ് അന്തിമ തീരുമാനമെടുക്കുക.
അതേസമയം ആദ്യ ടെസ്റ്റിൽ കളിക്കാതിരുന്ന ജയിംസ് ആൻഡേഴ്സണ്, സ്റ്റുവർട്ട് ബ്രോഡ് എന്നിവർ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങും.

