അമ്പലപ്പുഴ. തോട്ടപ്പള്ളി കരിമണൽ ഖനനത്തിനെതിരെ സി.പി.ഐ യും പോഷകസംഘടനകളുംപരസ്യ പ്രതിഷേധം നടത്തിയതിൽ സി.പി.എമ്മിന് അതൃപ്തി.
പ്രതിഷേധം അറിയിക്കേണ്ട വേദികളിൽ ഒന്നും മിണ്ടാതിരുന്ന സി.പി.ഐ നേതൃത്വം സർക്കാരിനെയും സി.പി.എമ്മിനെയും ജനമധ്യത്തിൽ അപഹാസ്യരാക്കാൻ നാടകം കളിക്കുകയാണന്നാണ് നേതാക്കൾ പറയുന്നത്.
കഴിഞ്ഞ ദിവസം കിസാൻ സഭയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ മുതിർന്ന നേതാക്കളായ പന്ന്യൻരവീന്ദ്രനും ടി.ജെ ആഞ്ചലോസും ഉൾപ്പടെ പങ്കെടുത്തിരുന്നു. ഇതാണ് സി.പി.എം നേതാക്കളെ ചൊടിപ്പിക്കാൻ കാരണം.
കാബിനറ്റിൽ എതിർക്കാത്തവർ…
ജില്ലയിൽ നിന്നുള്ള മന്ത്രി പി. പ്രസാദ് അടക്കം നാലു മന്ത്രിമാർ ഉൾപ്പടെ സർക്കാരിലെ രണ്ടാം കക്ഷിയാണ് സി.പി.ഐ. നാളിതുവരെ ക്യാബിനറ്റിൽ കരിമണൽ ഖനനത്തിനെതിരെ അഭിപ്രായം പറഞ്ഞിട്ടില്ല.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സംസ്ഥാന, ജില്ല, അമ്പലപ്പുഴ മണ്ഡലം കമ്മിറ്റികളിൽ പോലും യാതൊരു പ്രതിഷേധം പ്രകടിപ്പിക്കാത്ത സി.പി.ഐ നേതൃത്വം ജനങ്ങളുടെ കണ്ണിൽ പൊടി ഇടുന്ന തന്ത്രമാണ് ചെയ്യുന്നതെന്നും സി.പി.എം നേതാക്കൾ പറയുന്നു.
കഴിഞ്ഞ ഗവൺമെന്റിന്റെ കാലഘട്ടത്തിൽ നടന്ന സമരങ്ങളിൽ നിലവിലെ കൃഷിമന്ത്രി പങ്കെടുത്തിട്ടുളളതാണ് എന്നിട്ടും കർഷകർക്ക് വേണ്ടി സമരം ചെയുന്നുവെന്ന് പറയുന്ന കിസാൻസഭ നേതാക്കൾ കൃഷിവകുപ്പ് മന്ത്രിയുടെ ഓഫിസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാത്തതെന്താണന്നും സി.പി.എം അമ്പലപ്പുഴ നേതൃത്വം ചോദിക്കുന്നത്.
കൂടാതെ ബോർഡ്, കോർപ്പറേഷൻ പുനസംഘടിച്ചപ്പോൾ ഒരു സ്ഥാനവും ലഭിക്കാതിരുന്നതിൻ്റെ അതൃപ്തിയിലാണ് സർക്കാരിനെതിരെ സമരവുമായി എത്താൻ കാരണമെന്നും അവർ പറയുന്നു.