കണ്ണൂര്‍: ഗതാഗതം സുഗമമാക്കാന്‍ പാര്‍ക്കിംഗിനു നഗരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുമ്പോഴും അധികൃതരുടെ മൂക്കിനുതാഴെ തന്നെ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നു. കണ്ണൂര്‍ നഗരത്തിലെ അലക്ഷ്യമായ പാര്‍ക്കിംഗ് പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാകുകയാണ്. ആര്‍ക്കും എവിടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്ന അവസ്ഥയാണു നിലവിലുള്ളത്. നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ നോക്കുകുത്തിയായി മാറുന്നു. വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തുന്ന വാഹനങ്ങള്‍ക്കു പോലും എവിടെയും പാര്‍ക്കിംഗ് ഇല്ലാത്ത അവസ്ഥ കണ്ണൂര്‍ നഗരത്തില്‍ മാത്രമാണ്.
ചെറുവാഹനങ്ങള്‍ക്കും മറ്റും പ്രത്യേകമായി പാര്‍ക്കിംഗ് കേന്ദ്രങ്ങളില്ല. ജവഹര്‍സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്‌സിലെ വ്യാപാരികളുടെ വാഹനങ്ങള്‍ വരെ അവിടെ പാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. നേരത്തെ അനധികൃത പാര്‍ക്കിംഗിനെതിരേ ട്രാഫിക് പോലീസ് നടപടികള്‍ എടുത്തുവെങ്കിലും നിലവില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചിടത്താണു കൂടുതല്‍ വാഹനങ്ങള്‍ പലയിടത്തും നിര്‍ത്തിയിടുന്നത്.
ഇടക്കാലത്തു വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ചു ട്രാഫിക് സ്റ്റേഷനിലേക്കു മാറ്റുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. പിന്നീട് സമ്മര്‍ദങ്ങളെ തുടര്‍ന്ന് അതു നിര്‍ത്തിവച്ചു. പലരും യാത്രയുടെ ഭാഗമായി നഗരത്തില്‍ വാഹനം നിര്‍ത്തിയിട്ടു രാത്രി മടങ്ങിവരുമ്പോള്‍ മാത്രമാണു മാറ്റുന്നത്. ട്രാഫിക് പോലീസ് ഇത്തരം ഘട്ടങ്ങളില്‍ നടപടി സ്വീകരിക്കുന്നതിനായി സ്റ്റിക്കര്‍ പതിച്ചു തലയൂരുകയാണു ചെയ്യുന്നത്.
കണ്ണൂര്‍ നഗരത്തിലേക്ക് ഓണതിരക്കിന്റെ ഭാഗമായുള്ള തിരക്കുകള്‍ വരാനിരിക്കുകയാണ്. ഈ ഘട്ടത്തിലെങ്കിലും നഗരത്തിലെ പാര്‍ക്കിംഗ് അടിമുടി പരിഷ്കരിച്ചാല്‍ അതു വാഹന ഉടമകള്‍ക്കും വ്യാപാരികള്‍ക്കും ഉപകാരപ്രദമാകും. സ്റ്റേഡിയത്തിനു ചുറ്റും പാര്‍ക്കിംഗ് തടസപ്പെടുത്തി അന്യസംസ്ഥാന കച്ചവടക്കാരെത്തിത്തുടങ്ങും. പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഇവര്‍ക്ക് അധികൃതര്‍ നല്‍കുന്നതോടെ ഗതാഗതക്കുരുക്കില്‍ നഗരം വീര്‍പ്പുമുട്ടുന്ന സ്ഥിതി സംജാതമാകും. നോ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ കഴിയാത്ത വിധത്തില്‍ തലവേദനയിലാണു കണ്ണൂരിലെ ട്രാഫിക് വിഭാഗം.