ജില്ലയില്‍ 3000 കോടിയുടെ വികസനം നടപ്പാക്കുംമെന്ന് കടകംപള്ളി സുരേന്ദ്രന്‍

knr-kadakampallyതിരുവനന്തപുരം : തലസ്ഥാന ജില്ലയുടെ വികസന കുതിപ്പിന്ന് കരുത്തേകുന്ന നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തലസ്ഥാനത്തിന്റെ വികസനത്തിന് സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നത്. 3000 കോടി രൂപയുടെ വിവിധ പദ്ധതികളാണ് വരുന്ന ഒരു വര്‍ഷം തലസ്ഥാന ജില്ലയില്‍ നടപ്പാക്കാന്‍ പോകുന്നത്. നഗരത്തിലെ ഗതാഗത കുരുക്കഴിക്കാനാവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കും. തിരക്ക് പിടിച്ച ജംഗ്ഷനുകളില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കും. ലൈറ്റ് മെട്രോ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഗതാഗതകുരുക്ക് ഗണ്യമായി കുറയും. ഓരോ വീടുകളിലെയും മാലിന്യം അതത് വീടുകളില്‍ സംസ്കരിക്കാന്‍ സാധിക്കണം.

എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നവര്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യൂതി ഉത്പാദിക്കാന്‍കൂടി ശ്രമിക്കണം. ഉയര്‍ന വില നല്‍കി വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നത് കുറയ്ക്കാന്‍ ഇതുകൊണ്ട് സാധിക്കും. ഇതിന്റെ ഭാഗമായി വിപുലമായ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മേയര്‍ വി.കെ പ്രശാന്ത് അധ്യക്ഷനായി. കെ മുരളീധരന്‍ എംഎല്‍എ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍മാരാഗയ വഞ്ചിയൂര്‍ പി ബാബു, ആര്‍ ഗീതാഗോപാല്‍, കെ ശ്രീകുമാര്‍, ഷഫീറബീഗം, ആര്‍ സതീഷ്കുമാര്‍, എസ് ഉണ്ണികൃഷ്ണന്‍, സി മി ജ്യോതിഷ്, ബിജെപി ലീഡര്‍ അഡ്വ.ഗിരികുമാര്‍, യുഡിഎഫ് ലീഡര്‍ ഡി അനില്‍കുമാര്‍എന്നിവര്‍ സംസാരിച്ചു. ഡപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ സ്വാഗതവും നഗരസഭ സെക്രട്ടറി എം നിസാറുദ്ദീന്‍ നന്ദിയും പറഞ്ഞു. പ്ലാന്‍ കോര്‍ഡിനേറ്റര്‍ കെ. രവീന്ദ്രന്‍നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Related posts