തളിപ്പറമ്പ്: താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ കുടിവെള്ള വിതരണ കിണറുകള്‍ വര്‍ഷങ്ങളായി ശുചീകരിക്കുന്നില്ലെന്ന് ആക്ഷേപം. രണ്ടു തുറന്ന കിണറുകളും നാല് കുഴല്‍കിണറുകളുമാണ് നിലവില്‍ താലൂക്ക് ആശുപത്രി വളപ്പിലുള്ളതെങ്കിലും മഴക്കാലത്ത് പോലും ജലക്ഷാമം ഇവിടെ രൂക്ഷമായി തുടരുകയാണ്. മലയോര മേഖലയില്‍ നിന്നുള്‍പ്പെടെ പാവപ്പെട്ട നൂറുകണക്കിന് രോഗികളുടെ ഏക ആശ്രയമായ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയതായി പ്രഖ്യാപനമുണ്ടായെങ്കിലും തുടര്‍നടപടികള്‍ ഒന്നും തന്നെ ഉണ്ടാവാത്തതിനാല്‍ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെ അവതാളത്തിലാണിപ്പോള്‍.
നിലവിലുള്ള രണ്ട് തുറന്ന കിണറുകളില്‍ അവശ്യത്തിന് വെള്ളമുണ്ടെങ്കിലും വര്‍ഷങ്ങളായി ശുചീകരിക്കാത്തതിനാല്‍ സൂര്യവെളിച്ചം പോലും തട്ടാതെ വെള്ളം മലിനമായി കിടക്കുകയാണെന്ന് ആക്ഷേപമുണ്ട്. വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി രോഗികളും കൂട്ടിരിപ്പുകാരും പരാതി ഉന്നയിക്കുന്നുണ്ടെങ്കിലും ഉത്തരവാദപ്പെട്ടവര്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. കിണറുകള്‍ മുഴുവനായി കാടുപിടിച്ചുകിടക്കുകയാണ്.