പറശിനിക്കടവ് ഹൈസ്കൂളില്‍ 30 വര്‍ഷത്തിന് ശേഷം കുട്ടികളായി അവര്‍ വീണ്ടുമെത്തി

knr-parashinikadavuപറശിനിക്കടവ്: കുട്ടിത്തവും കുസൃതികളും നിറഞ്ഞാടിയ വിദ്യാലയ തിരുമുറ്റത്ത് 30 വര്‍ഷത്തിന് ശേഷം കുട്ടികളായി അവര്‍ വീണ്ടുമെത്തി. അറിവിന്റെ ലോകത്തേക്ക് അവരെ കൈപിടിച്ച് നടത്തിയ അധ്യാപകരും കൂട്ടിനെത്തിയപ്പോള്‍ പറശിനിക്കടവ് ഹൈസ്കൂളിന്റെ ചരിത്രത്തില്‍ അതൊരു അപൂര്‍വതയായി. പറശിനിക്കടവ് ഹൈസ്കൂളിലെ 1985-86 ബാച്ച് വിദ്യാര്‍ഥികളാണ് ഒത്തുകൂടിയത്. അന്നത്തെ ശിപായി കുഞ്ഞമ്പു മണി മുഴക്കാന്‍ തയാറായി നില്‍പ്പുണ്ടായിരുന്നു. സമയം രാവിലെ 9.50 ന് കുഞ്ഞമ്പു ഒരു നിയോഗം പോലെ ഒരിക്കല്‍ കൂടി മണി മുഴക്കി. അതോടെ നിശബ്ദത തളംകെട്ടിയ അന്തരീക്ഷത്തില്‍  പ്രാര്‍ഥനാ ഗീതം ഉയര്‍ന്നു. അത് കഴിഞ്ഞതോടെ 10ന് കുഞ്ഞമ്പു തന്നെ സെക്കന്‍ഡ് ബെല്ലും അടിച്ചു.

എല്ലാവരും പത്താം ക്ലാസിലെ പഴയ കുട്ടികളായി, അന്ന് അവര്‍ ഓരോരുത്തരും പഠിച്ച ക്ലാസ് മുറികളില്‍ അച്ചടക്കത്തോടെ ഇരുന്നു. അന്നത്തെ അധ്യാപകര്‍ ഓരോ ക്ലാസ് മുറിയിലുമെത്തി. 30 വര്‍ഷം മുമ്പ് എങ്ങനെയാണോ, ഓരോരുത്തരും ബെഞ്ചിലിരുന്നത്, അതേപോലെ മുന്നിലും പിന്നിലും ഒക്കെയായി ഇരുന്ന ‘കുട്ടികള്‍ക്ക്’ അധ്യാപകര്‍ ക്ലാസെടുത്തു; അഞ്ച് മിനുട്ടോളം. അതിന് ശേഷമാണ് പഴയ സതീര്‍ഥ്യര്‍ പരിചയം പുതുക്കി ഉദ്ഘാടന ചടങ്ങിന്റെ ഹാളിലേക്ക് എത്തിയത്.

റിട്ട. മുഖ്യാധ്യാപകന്‍ വി. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ പി.പി. സീമ അധ്യക്ഷത വഹിച്ചു. മണ്‍മറഞ്ഞ ഗുരുനാഥന്‍മാരായ റിട്ട. മുഖ്യാധ്യാപകന്‍ ടി.എന്‍. രാജന്‍, പി.കെ. ഗോമതി എന്നിവരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ജീവിതത്തില്‍ നിന്ന് വിടപറഞ്ഞ സഹപാഠികളായിരുന്ന വി. രമേശന്‍ (കോടല്ലൂര്‍), ഐ.പി.  സരസ്വതി (കടമ്പേരി), കെ. അജിത്ത്കുമാര്‍ (കോള്‍തുരുത്തി) എന്നിവരുടെ ഓര്‍മകള്‍ക്ക് മുന്നിലും ശിരസ് നമിച്ചു. അക്കാലത്തെ 20 അധ്യാപകരെയും കുഞ്ഞമ്പുവിനെയും ആദരിച്ചു.

അധ്യാപകര്‍ അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ അത് സുഗന്ധമുള്ള ഓര്‍മകളായി. സംഘാടകസമിതി ജനറല്‍ കണ്‍വീനറും നഗരസഭ കൗണ്‍സിലറുമായ പി.കെ. മുജീബ്‌റഹ്മാന്‍, സി.വി. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. ‘ഒരുവട്ടം കൂടി സ്‌നേഹസംഗമം’ എന്ന പേരില്‍ സംഘടിപ്പിച്ച ഒത്തുചേരലില്‍ പങ്കുകൊള്ളാനായി മാത്രം ഗള്‍ഫില്‍ നിന്ന് അഞ്ചുപേര്‍ എത്തിയിരുന്നു. ഭക്ഷണവും കലാപരിപാടികളും ഒക്കെ കഴിഞ്ഞ് പിരിയുമ്പോള്‍ എല്ലാവരുടെയും മനസ് ആര്‍ദ്രമായിരുന്നു. അറിവിന്‍ ചെപ്പ് തുറന്നുതന്ന കലാലയത്തില്‍ വീണ്ടും ഒത്തുചേരാനുള്ള ആഗ്രഹം പങ്കുവച്ചാണ് അവര്‍ മടങ്ങിയത്.

Related posts