നിലപാട് കടുപ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; ഭക്തര്‍ക്കുവേണ്ടി നിലകൊള്ളും, മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജി

tvm-sabarimalaപത്തനംതിട്ട: ശബരിമല അയ്യപ്പദര്‍ശനവുമായി ബന്ധപ്പെട്ടു വിവാദ തീരുമാനങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഇന്നലെ പമ്പയില്‍ നടന്ന ഉന്നതതല അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവച്ച ചില നിര്‍ദേശങ്ങളെ പാടെ തള്ളിക്കൊണ്ടാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തന്റെ നിലപാടു വ്യക്തമാക്കിയത്.

ശബരിമലയില്‍ വിഐപി ദര്‍ശനം ഒഴിവാക്കണമെന്നും പകരം ദര്‍ശനത്തിനു പാസ് ഏര്‍പ്പെടുത്താമെന്നുമുള്ള പിണറായി വിജയന്റെ നിര്‍ദേശവും എല്ലാദിവസവും നട തുറന്നിരിക്കുന്നത് പരിഗണിക്കണമെന്ന അഭിപ്രായവുമാണ് പ്രസിഡന്റിനെ ഏറെ ചൊടിപ്പിച്ചത്. 95 ശതമാനം നിര്‍ദേശങ്ങളെയും സ്വാഗതം ചെയ്യുകയും അ്ഞ്ചു ശതമാനത്തില്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പ്രയാര്‍ പ്രതികരിച്ചത്.

പണമുള്ളവനു മാത്രം ദര്‍ശനം നല്‍കുന്ന പാസ് സമ്പ്രദായത്തെ പ്രസിഡന്റ് പൂര്‍ണമായി എതിര്‍ത്തു. എല്ലാദിവസവും നട തുറക്കണമെന്ന അഭിപ്രായം ശബരിമലയിലെ ആചാരവും വിശ്വാസവുമായി ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. റോപ് വേയില്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ആളെ എത്തിക്കണമെന്ന നിര്‍ദേശവും പ്രസിഡന്റ് തള്ളുകയും ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദം എടുത്തിടുകയും ചെയ്തതോടെ യോഗത്തില്‍ മുഖ്യമന്ത്രിയും പ്രസിഡന്റിനെതിരെ തിരിയുകയായിരുന്നു.

ഗോപാലകൃഷ്ണന്‍ രാഷ്ട്രീയം പറയുന്നുവെന്നും പ്രസിഡന്റിന്റെ കാലാവധി മൂന്നുവര്‍ഷമാണെന്ന് ഓര്‍ക്കണമെന്നുമുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായി. ഇതിനു പ്രതികരണമായിട്ടാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജി ആകാമെന്ന അഭിപ്രായം പ്രയാര്‍ പറഞ്ഞിട്ടുള്ളത്. താനൊരു ഭക്തനാണെന്നും തീര്‍ഥാടകരുടെ താല്‍പ്പര്യത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായി ശബരിമല ക്ഷേത്രത്തില്‍ നിലനില്‍ക്കുന്ന ആചാരവും അനുഷ്ഠാനവും സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും പ്രസിഡന്റ് പറഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദവിയില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ കഴിഞ്ഞവര്‍ഷമാണ് എത്തിയത്. രണ്ടുവര്‍ഷം കൂടി അദ്ദേഹത്തിനു കാലാവധിയുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ബോര്‍ഡും ദേവസ്വം മന്ത്രിയും തമ്മില്‍ തുടക്കത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. ഇതു മുഖ്യമന്ത്രിയുടെ ചെവിയിലെത്തിയതോടെയാണ് ഇന്നലെ അദ്ദേഹവും നിലപാട് കടുപ്പിച്ചതെന്നു പറയുന്നു. ഭക്തരുടെ കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് അഭിപ്രായം പറയാമെങ്കിലും തീരുമാനങ്ങളെല്ലാം ആ വഴിക്കു തന്നെയാകണമെന്നില്ല നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. തന്റെ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയന്നും വേണ്ടെങ്കില്‍ വിട്ടുകളഞ്ഞേക്കൂവെന്നും പിണറായി പറയുന്നു.

നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രയാര്‍ ഗോപാലകൃഷ്ണനെ കൂടാതെ കോണ്‍ഗ്രസ് പ്രതിനിധി അജയ് തറയില്‍ മാത്രമാണ് അംഗം. സിപിഎം പ്രതിനിധി പി.കെ. കുമാരന്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചതോടെ പകരം ആളെ നിയമിച്ചിട്ടില്ല. നിയമസഭയിലെ ഹിന്ദു എംഎല്‍എമാരുടെ പ്രതിനിധിയായിരുന്നു കുമാരന്‍. പ്രസിഡന്റും നിലവിലെ മെംബര്‍ അജയ് തറയിലും ഗവണ്‍മെന്റ് നോമിനികളായതിനാല്‍ ഇവരുടെ രാജി ആവശ്യപ്പെടാനാകും.

ഇന്നലെ പമ്പയില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സര്‍ക്കാര്‍ നിലപാടുകളും നയങ്ങളും അടിസ്ഥാനമാക്കി നിര്‍ദശങ്ങള്‍ മുന്നോട്ടുവച്ചത്. ഏഴ് മന്ത്രിമാര്‍ സന്നിഹിതരായിരുന്നെങ്കിലും ദേവസ്വം മന്ത്രി അടക്കം അഭിപ്രായങ്ങള്‍ പറഞ്ഞതേയില്ലെന്നതും ശ്രദ്ധേയമാണ്. ശബരിമല തീര്‍ഥാടനകാലം ആരംഭിക്കുന്നതിനു മുമ്പായി മുഖ്യമന്ത്രി വീണ്ടും ശബരിമലയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Related posts