ഫ്രാന്‍സിസ് തയ്യൂര്‍
വടക്കഞ്ചേരി: ഉയരക്കുറവുതന്നെയാണ് മുടപ്പല്ലൂര്‍ പന്തപ്പറമ്പ് ബാലസുബ്രഹ്മണ്യന്റെ (68) പൊക്കം. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയോരത്ത് ലോട്ടറി ടിക്കറ്റ് വില്പന നടത്തുന്ന മൂന്നടിക്കാരനെ അറിയാത്തവരില്ല. ലോട്ടറി വില്പനയില് കുറച്ചുകാലമേ ആയിട്ടുള്ളൂവെങ്കിലും കുറഞ്ഞ കാലത്തിനിടെ തന്നെ ഉയരക്കുറവുള്ള ബാലസുബ്രഹ്്മണ്യന്‍ പ്രശസ്തികൊണ്ട് നാട്ടിലെ പൊക്കക്കാരനായി. രാവിലെ എട്ടിനുമുമ്പേ പുതിയ ഭാഗ്യവുമായി പന്തപറമ്പിലെത്തും.
ട്രൗസറും ഷര്‍ട്ടും ധരിച്ച് നടക്കുന്നതിനുള്ള താങ്ങും മഴയ്ക്കുള്ള മുന്‍കരുതലായും ഒരു കാല്‍കുടയും കൈയിലുണ്ടാകും.വാഹനങ്ങളില്‍ പോകുന്നവരും പരിചയക്കാരും നാട്ടുകാരുമൊക്കെയാണ് ബാലസുബ്രഹ്്മണ്യന്റെ ഭാഗ്യം പങ്കുവയ്ക്കുന്നത്. കഴിഞ്ഞ വിഷു ബംപറിന് 10,000 രൂപ അടിച്ചതാണ് ഇതുവരെയുള്ള ഉയര്‍ന്ന തുക. ഇടയ്ക്കിടെ ആയിരവും രണ്ടായിരവും അയ്യായിരവും ബാലസുബ്രഹ്്മണ്യന്‍ വില്‍ക്കുന്ന ടിക്കറ്റിന് ലഭിക്കുന്നുണ്ട്.
പൈസയ്ക്ക് അത്യാവശ്യമുള്ളവര്‍ ബാലസുബ്രഹ്്മണ്യനില്നിന്നും ഒരു ടിക്കറ്റെടുത്താല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള ചെറിയ തുകകള്‍ കിട്ടുമെന്നാണ് വിശ്വാസം. പന്തപറമ്പിനടുത്ത് എലക്കോട് പാലശേരിയില്‍ സഹോദരി ലക്ഷ്മിക്കുട്ടി അമ്മയുടെ മകള്‍ സുന്ദരിക്കും കുടുംബത്തിനും ഒപ്പമാണ് താമസം. ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണംകഴിച്ച് വീണ്ടും പന്തപറമ്പിലെ റോഡരികിലെത്തും.കാല്‍കുട ഊന്നിപിടിച്ച് നില്പുതന്നെയാണ് ഏറെസമയവും. വൈകുന്നേരം ആറരയോടെയാണ് വീട്ടിലേക്കുള്ള മടക്കം.
വിവാഹം കഴിച്ചെങ്കിലും ആറുവര്‍ഷം മാത്രമേ ഭാര്യ ദാക്ഷായണി ഒപ്പമുണ്ടായുള്ളൂ. പിന്നീട് അവര്‍ മരിച്ചു. റേഷന്‍കടകളിലെ ബില്ലെഴുത്തുകാരനായിരുന്നു ആദ്യകാലത്ത് ബാലസുബ്രഹ്്മണ്യന്‍. മംഗലംഡാം, വണ്ടാഴി, മുടപ്പല്ലൂര്‍ എന്നിവിടങ്ങളിലെ റേഷന്‍കടകളില്‍ ജോലി ചെയ്തിട്ടുണ്ട്. താന്‍ വില്‍ക്കുന്ന ടിക്കറ്റുകള്‍ക്ക് വലിയ ഭാഗ്യങ്ങള്‍ കിട്ടണേ എന്ന പ്രാര്‍ഥനയാണ് ബാലസുബ്രഹ്്മണ്യനുള്ളത്.