കോട്ടയം: സ്ത്രീകള്‍ തനിച്ചു താമസിക്കുന്ന ഹോസ്റ്റലില്‍ മോഷ്ടിക്കാന്‍ കയറിയതിനു പോലീസ് പിടികൂടിയ ആളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. താഴത്തങ്ങാടി താഴത്തേടത്ത് വളവില്‍ ചന്ദ്രനെ (കോഴി ചന്ദ്രന്-55) യാണ് വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ ഇയാള്‍ താഴത്തങ്ങാടിയിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റിലെ വനിതാ ജീവനക്കാര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ മോഷ്ടിക്കാന്‍ കയറുകയായിരുന്നു.
ശബ്ദം കേട്ടു ഉണര്‍ന്ന യുവതികള്‍ ചേര്‍ന്നു ഇയാള്‍ കയറിയ മുറിയുടെ കതക് അടച്ചു തന്ത്രപരമായി കുടുക്കിയശേഷം വെസ്റ്റ് പോലീസില്‍ അറിയിക്കുകയായിരുന്നു. വെസ്റ്റ് എസ്ഐ എം.ജെ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണു ഇയാളെ അറസ്റ്റു ചെയ്തത്. മുമ്പും ഇയാള്‍ മോഷണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണെന്നു പോലീസ് പറഞ്ഞു.