മറയൂര്‍: പൂച്ചക്കുട്ടികളെ വില്‍പ്പന നടത്തുന്നതിനായി പരസ്യത്തില്‍ അല്‍പ്പം ചന്തം ചാർത്തിയ യുവാവ് പുലിവാല് പിടിച്ചു. തമിഴ്നാട്ടിലെ തിരുവണ്ണാമല ആരണി സ്വദേശി പാര്ഥിപന് (24) ആണ് അറസ്റ്റിലായത്.
ഞായറാഴ്ചയാണ് പാര്ഥിപന് സാമൂഹ്യമാധ്യമങ്ങളില്‍ പുലിക്കുട്ടികളെ വില്‍പ്പനയ്ക്ക് എന്ന് കാണിച്ച് പരസ്യം നല്‍കിയത്.
മൂന്ന് കടുവാക്കുഞ്ഞുങ്ങള്ക്ക് സ്റ്റീല്‍ പാത്രത്തില്‍ ആഹാരം നല്കാന് തയാറാക്കുന്ന ചിതം സഹിതമാണ് പരസ്യം നല്‍കിയത്.
മൂന്ന് മാസം പ്രായമായ കടുവാ ക്കുഞ്ഞിന് 25 ലക്ഷം രൂപ വീതമാണ് വിലയെന്നും പത്ത് ദിവസത്തിനകം ഡെലിവറിയുണ്ടെന്നും വാട്സാപ്പ് സ്റ്റാറ്റസില്‍ കാണിച്ചിരുന്നു.
വിവരം അറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചപ്പോള്‍ പാര്ഥിപന് ഒളിവില്‍ പോയി.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഇയാളുടെ വീടും പരിസര പ്രദേശങ്ങളും പരിശോധിച്ചെങ്കിലും വന്യമൃഗങ്ങളുടെ കുഞ്ഞുങ്ങളെ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല.
പിന്നീട് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വെല്ലൂര്‍ ചര്‍പ്പണമേടില്‍ നിന്നു പാര്ഥിപന് അറസ്റ്റിലായത്.
കടുവാക്കുഞ്ഞുങ്ങളുടെ ചിത്രം എവിടെ നിന്നും ലഭിച്ചു എന്ന അന്വേഷിച്ചപ്പോള്‍ അമ്പത്തൂര്‍ സ്വദേശിയായ തമിഴന് എന്ന സുഹൃത്താണ് ചിത്രം നല്‍കിയതെന്നാണ് അറിയിച്ചത്.
മുന്തിയ ഇനം പൂച്ചക്കുട്ടികളുടെ വില്‍പ്പനയ്ക്കായാണ് ഈ തന്ത്രം ഉപയോഗിച്ചതെന്നാണ് യുവാവ് പറയുന്നത്. എന്നാല്‍ ചിത്രത്തിലെ പൂച്ചകളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
തമിഴന് എന്ന സുഹൃത്ത് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലുമായി. ഇതോടെ പാര്‍ഥിപനെ വനംവകുപ്പ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.
ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് കടുവാക്കുട്ടികള്‍ ആണെന്ന നിഗമനത്തില്‍ വനംവകുപ്പ് കേസ് അന്വേഷിക്കുകയാണ്. ഓണ്‍ലൈന്‍ തട്ടിപ്പാണെങ്കില്‍ കേസ് പോലീസിനു കൈമാറുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.