മുളങ്കുന്നത്തുകാവ്: പൊയ്യ കൃഷ്ണന്‍കോട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് മുഖത്തു പരിക്കേറ്റ കുട്ടികളുടെ മുറിവില്‍നിന്നുള്ള പഴുപ്പ് തലച്ചോറിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചു. മുഖത്ത് കടിയേറ്റതിനാലും മുറിവുകള്‍ കണ്ണിനു സമീപത്തായതുകൊണ്ടും പഴുപ്പും മറ്റും തലച്ചോറിലേക്ക് ബാധിക്കാതിരിക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ട്. മുറിവുകള്‍ക്ക് ചെറിയ ഉണക്കം വന്നതിനു ശേഷം മുറിവുകള്‍ കഴുകി വൃത്തിയാക്കി മരുന്നുകള്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇപ്പോള്‍ മുറിവുകള്‍ കഴുകി വൃത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഇന്നലെ വൈകുന്നരം നാലോടെ പുത്തന്‍വേലിക്കരയില്‍ നിന്നെത്തിയ തെരുവുനായയാണ് നാലു കുട്ടികളെയും മൂന്നു മധ്യവയസ്കരെയും കടിച്ചു മാരകമായി മുറിവേല്‍പ്പിച്ചത്. പരിക്കേറ്റവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പൊയ്യ തീനിത്തറ കുര്യാപ്പിള്ളി ജെഫിന് (ആറ്), പൊയ്യ കൈതത്തറ സജിമോന്റെ മകന് അയൂബ് (അഞ്ച്), പൊയ്യ ചക്കാന്തറ ഗോപിയുടെ മകന് ആയുഷ് (12), കൃഷ്ണന്‍കോട്ട ചേരമാന്‍ തുരുത്തി തോമസ് (57), കൃഷ്ണന്‍കോട്ട ചേരമാന്‍ തുരുത്തി ജോസഫിന്റെ മകള്‍ അന്ന (10), മാള പുത്തന്‍വേലിക്കര കൈതത്തറ വീട്ടില്‍ ജോസഫ് (70), മാള പുത്തന്‍വേലിക്കര ഒറക്കാടത്ത് വേലായുധന്റെ ഭാര്യ തങ്കമണി (54) എന്നിവര്‍ക്കാണു നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ആയുഷിന്റെ മുഖത്ത് നിന്ന് തെരുവുനായ മാംസം കടിച്ചെടുത്തിട്ടുണ്ട്. തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.
ബേണ്‍ വാര്‍ഡ് വിട്ടുകൊടുത്തു
തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നു കുട്ടികള്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ പ്രത്യേക ക്രമീകരണമൊരുക്കി. പൊളളലേറ്റവരെ ചികിത്സിക്കുന്നതിനുള്ള ബേണ്വാര്ഡ് ഇപ്പോള്‍ നായയുടെ കടിയേറ്റെത്തിയ കുട്ടികള്‍ക്കായി ഒഴിഞ്ഞുകൊടുത്തിരിക്കുകയാണ്. പൊയ്യ കൃഷ്ണന്‍കോട്ടയില്‍ നിന്നെത്തിയ മൂന്നുകുട്ടികളേയും ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ചികിത്സയ്ക്കുള്ള മരുന്നുകള്‍ മെഡിക്കല്‍ കോളജിലുണ്ടെന്നും പുറത്തുനിന്നും വാങ്ങേണ്ട സ്ഥിതിയില്ലെന്നും അധികൃതര്‍ പറഞ്ഞു.
സൗജന്യ ചികിത്സ വേണമെന്ന്
നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കാണു പൊയ്യ കൃഷ്ണന്‍കോട്ടയില്‍ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഇവര്‍ക്കു സൗജന്യ ചികിത്സ നല്കാന് സര്‍ക്കാര്‍ തയാറാകണമെന്നു പൊയ്യ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. തെരുവുനായ്ക്കളുടെ ശല്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് ഓഫീസിലേക്കു പ്രതിഷേധസമരവും കോണ്‍ഗ്രസ് സംഘടിപ്പിച്ചിട്ടുണ്ട്.
നായ്ക്കളെ തല്ലിക്കൊല്ലണം
തല്ലിക്കൊന്ന് ചുട്ടുകരിക്കണം, അതാണ് വേണ്ടത്…ജന്തുസ്നേഹം പ്രസംഗിക്കുന്നവര്‍ക്കൊന്നും പട്ടിയുടെ കടി കിട്ടിയിട്ടില്ലല്ലോ…തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലെ ബേണ്‍ വാര്‍ഡില്‍ മുഖത്തും ശരീരത്തും തെരുവുനായയുടെ കടിയേറ്റ് കിടക്കുന്ന കുട്ടികളുടെ അടുത്തിരുന്ന് അച്ഛനമ്മമാരുടെ ബന്ധുക്കളും ദേഷ്യത്തോടെ പറഞ്ഞു. തെരുവുനായ്ക്കളെ കൊല്ലരുതെന്ന് പറയുന്നവരോട് ഈ കുട്ടികളുടെ കിടപ്പൊന്ന് വന്നുകാണാന്‍ ഇവര്‍ പറയുന്നു. കടിച്ചുകീറിക്കൊല്ലാന്‍ വരുന്ന തെരുവുനായ്ക്കളെ തല്ലിക്കൊല്ലാതെ വേറെന്തു ചെയ്യണമെന്ന് ഇവര്‍ ചോദിക്കുന്നു. മുഖത്ത് നിന്ന് മാംസം കടിച്ചെടുത്ത് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജിലെത്തിച്ച ആയുഷ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
മുറിവുണങ്ങും, പേടിയകലാന് സമയമെടുക്കും
തെരുവുനായ്ക്കളുടെ ആക്രമണത്തിന് വിധേയരാകുന്ന കുട്ടികളുടെ ശരീരത്തിലെ മുറിവുകള്‍ ചികിത്സ കൊണ്ട് ഉണങ്ങുമെങ്കിലും അവരുടെ മനസിലെ പേടിയകലാനും മനസിലെ മുറിവുകളുണങ്ങാനും സമയമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നായ ആക്രമിക്കാനെത്തിയ സമയത്തെ മാനസികാവസ്ഥ കുട്ടികളെ വേട്ടയാടുമെന്നാണ് കുട്ടികളുടെ ഡോക്ടര്‍മാര്‍ പറയുന്നത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജാകും മുമ്പ് കുട്ടികള്‍ക്ക് പേടിയും മറ്റും മാറാനും മനസ് ശാന്തമാകാനുമായി കൗണ്‍സലിംഗ് നല്‍കാനും തീരുമാനമായിട്ടുണ്ട്.
ഒരു വര്‍ഷത്തിനിടെ നാലു മരണം
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ജില്ലയില്‍ നാലാണ്. 2012ല്‍ ജില്ലയില്‍ 71,000 തെരുവുനായ്ക്കളുണ്ടായിരുന്നുവെന്നാണ് കണക്ക്. തൃശൂര്‍ നഗരത്തില്‍ മാത്രം നാലായിരത്തിലധികം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്കുകള്‍.
തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാനും വന്ധ്യംകരണത്തിനുമായി ആവിഷ്കരിച്ച അനിമല്‍ ബര്‍ത്ത് കണ്ട്രോള്, എന്‍ഡ് തുടങ്ങിയ പദ്ധതികള്‍ വിജയം കാണാതെ പോയതും തൃശൂരില്‍ തെരുവുനായ്ക്കളുടെ എണ്ണവും ശല്യവും വര്‍ധിപ്പിച്ചു.
അക്രമികളായ നായ്ക്കളെ കൊല്ലാനുള്ള ഉത്തരവില്‍ ഉരുണ്ടുകളി
തിരുവനന്തപുരം: ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയോ ഇല്ലയോ എന്ന കാര്യത്തില്‍ അവ്യക്തത. ഇന്നലെ ഇറങ്ങുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി. ജലീലും ഉത്തരവ് ഉടനിറങ്ങുമെന്ന് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇതേക്കറിച്ച് മന്ത്രിയോട തിരക്കാന്‍ ഫോണ്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഉത്തരവ് ലഭിച്ചോയെന്ന് പി.ആര്.ഡി.യോട് അന്വേഷിച്ചെങ്കിലും ലഭിച്ചില്ലെന്ന മറുപടിയാണ് ലഭിച്ചത്.
തദ്ദേശസ്വയംഭരണ സസ്ഥാപനങ്ങള്‍ക്കും ഇതു സംബധിച്ച ഉത്തരവ് ലഭിച്ചില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആക്രമണകാരികളായ നായ്ക്കളെ കൊല്ലുക തന്നെ ചെയ്യുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതുസംബധിച്ച ഉത്തരവിന്റെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. സര്‍ക്കാര്‍ എത്രയും വേഗം ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്ന ആശയക്കുഴപ്പം പരിഹരിക്കേണ്ടതുണ്ട്. ഇതുവരെ അക്രമണകാരികളായ നായ്ക്കളെ കൊല്ലാനുളള ഒരു നടപടിയും ഇതുവരെ ഒരിടത്തും ആരംഭിച്ചിട്ടില്ല.