വീട് അടിച്ചുമാറ്റി! വില്ക്കാനായി ഇടനിലക്കാരനെ ഏല്പിച്ചു, രണ്ടാഴ്ച്ച കഴിഞ്ഞു ഉടമസ്ഥന്‍ വന്നു നോക്കിയപ്പോള്‍ വീട് ഇരുന്നിടത്ത് ഇഷ്ടിക പോലുമില്ല, കോട്ടയം കറുകച്ചാലില്‍ നിന്നൊരു വീട് മോഷണക്കഥ!

vvvvവാര്‍ത്ത കേട്ട് ഏവരും അന്തംവിട്ടിരിക്കുകയാണ്. വീട് അടിച്ചുകൊണ്ടുപോയിരിക്കുന്നു. സംഭവം അങ്ങ് അമേരിക്കയിലോ റഷ്യയിലോ ഒന്നുമല്ല. നമ്മുടെ കൊച്ചുകേരളത്തില്‍ തന്നെ. കോട്ടയം കറുകച്ചാലിലാണ് ഈ അപൂര്‍വ്വമോഷണം നടന്നിരിക്കുന്നത്. വീട്ടുടമസ്ഥന്റെ അനുവാദമില്ലാതെ വീടു പൊളിച്ചു കട്ടിളയും കതകും കടത്തിയ കേസില്‍ ഇടനിലക്കാരന്‍ ആലപ്പുഴ സ്വദേശി നിസാം(45) കസ്റ്റഡിയിലായതായി സൂചന. ചങ്ങനാശേരി കുറുമ്പനാടം പുളിയാംകുന്നിലാണു സംഭവം. നെടുമുടി മാറപ്പാട് എം.എം. തോമസിന്റെ ഉടമസ്ഥതയിലുള്ള വീടാണ് പൊളിച്ചു നീക്കിയത്.

സംഭവം ഇങ്ങനെ- നെടുമുടി സ്വദേശിയായ തോമസ് പുളിയാംകുന്നില്‍ അഞ്ചു വര്‍ഷം മുന്‍പാണ് 40 സെന്റു സ്ഥലവും വീടും വാങ്ങിയത്. നാലുമുറി, അടുക്കള, സിറ്റൗട്ട് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരുന്ന ആള്‍താമസമില്ലാത്ത വീടു തോമസ് വില്പനയ്ക്ക് ഇട്ടിരിക്കുകയായിരുന്നു. വില്പനയ്ക്കായി ആലപ്പുഴ സ്വദേശിയായ നിസാമിനെ തോമസ് എര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇയാള്‍ സ്ഥലം തന്റെയാണെന്നു തെറ്റിധരിപ്പിച്ചു തെങ്ങണ സ്വദേശി പഴയ ഉരുപ്പടി വ്യാപാരിയെ വീട് പൊളിക്കാന്‍ എര്‍പ്പെടുത്തുകയായിരുന്നുവെന്നു തോമസ് പറയുന്നു.

ഇതിനായി 25,000 രൂപ വ്യാപാരിയില്‍നിന്നും ഇടനിലക്കാരനായ നിസാം വാങ്ങിയിരുന്നതായും തോമസ് തൃക്കൊടിത്താനം പോസീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 17നു റഹീമിന്റെ തൊഴിലാളികള്‍ എത്തി ഏഴു കട്ടിള, മൂന്നു പാളിയുടെ ഏഴു ജനല്‍, ഷീറ്റ് എന്നിവ കടത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ തോമസ് തൃക്കൊടിത്താനം പോലീസില്‍  പരാതി നല്‍കിയിരുന്നു. ഇതിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച വീണ്ടും വീടിന്റെ ബാക്കി ഭാഗം പൊളിച്ചു കടത്തുന്നതിനായി തൊഴിലാളികള്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ വളയുകയും തോമസിനെ വിവരമറിയിക്കുകയുമായിരുന്നു. തോമസിന്‍റ പരാതിയില്‍ സ്ഥലതെത്തിയ പോലീസ് രണ്ടു ടിപ്പറും ജെസിബിയും ഡൈവര്‍മാരെയും കസ്റ്റഡിയിലെടുത്തു. വെട്ടുകല്ലില്‍ നിര്‍മിച്ച വീട് പൂര്‍ണമായും ഇടിച്ചു നിരത്തിയ നിലയിലാണ്. തൃക്കൊടിത്താനം എസ്‌ഐ സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related posts