ചെറായി: ചീനവലയില്‍ കുടുങ്ങിയ അപൂര്‍വ മത്സ്യം നാട്ടുകാര്‍ക്ക് കൗതുകമായി. മുനമ്പം അഴിമുഖത്തെ രണ്ട് തൈക്കല്‍ ചവരോയുടെ ചീനവലയിലാണ് ആരും ഇതുവരെ കാണാത്ത തരത്തിലുള്ള അപൂര്‍വമത്സ്യം കുടുങ്ങിയത്. അലങ്കാരമത്സ്യത്തെ പോലെയാണെങ്കിലും കാഴ്ചയില്‍ ഒരു പരുന്തിനെപ്പോലെ തോന്നും. മുക്കാല്‍ അടിയോളം നീളമുള്ള മത്സ്യത്തിന് ഒരു കിലോയോളം തൂക്കമുണ്ട്. രണ്ടുവശത്തും വിശറിപോലുള്ള ചിറകുകളും ദേഹത്ത് ഇളം കാപ്പി, ചന്ദനനിറങ്ങളിലുള്ള സീബ്രാ ലൈനുകളുമാണ് മത്സ്യത്തെ ശ്രദ്ധേയമാക്കുന്നത്.
കണ്ണുകള്‍ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് പോലെ തലയ്ക്കു മുകളിലായി പുറത്തേക്ക് ഉന്തി നില്‍ക്കുകയാണ്. മുതുകില്‍ മുള്ളന്‍പന്നിയുടെ മുള്ളുകള്‍ കണക്കെ നിരനിരയായി മുള്ളുകളും കാണാം. വാല്‍ മൂന്നായി പിരിഞ്ഞതുപോലെയാണ്. അപൂര്‍വമത്സ്യത്തെ ചവരോ വലിയ കുപ്പിയിലാക്കി ജീവനോടെ സുക്ഷിച്ചിരിക്കുകയാണ്. അപൂര്‍വ മത്സ്യത്തെ കാണാന്‍ നിരവധി പേരാണ് ചവരോയുടെ ചീനവലത്തട്ടിനടുത്ത് എത്തുന്നത്.