മുന്നിൽ കൂരിരുൾ മാത്രം! മരണം മുന്നിൽ കണ്ടു നാൽപ്പതോളം ജീവനുകൾ ഒരു രാത്രി മുഴുവൻ ദുരന്തഭൂമിയിൽ

എടക്കര-മരണത്തെ മുഖാമുഖം കണ്ടു കവളപ്പാറ ദുരന്ത ഭൂമിയിൽ നാൽപ്പതോളം പേർ ഒരു രാത്രി കഴിച്ചുകൂട്ടി, രക്ഷപെടുന്നത് നേരം പുലർന്ന്. സുരക്ഷ കരുതി സ്വന്തം വീട്ടിൽ അയൽവാസികളെത്തിയപ്പോൾ സുഹൃത്ത് നെടുംകാലായിൽ സുനിലിന്‍റെ വിട്ടിൽ കിടക്കാനെത്തിയ കുഴിക്കളത്തിൽ പ്രമോദ് ഉരുൾപൊട്ടലിന്‍റെ ശബ്ദം കേട്ട് എല്ലാവരോടും രക്ഷപെടാൻ ആവശ്യപ്പെടുകയായിരുന്നു. സുനിലിന്‍റെ വീട്ടിൽ നിന്നുമിറങ്ങിയോടിയ ഇവർ കാണുന്നത് സമീപവാസികളായ നിരവധിയാളികൾ ആർത്തലച്ച് ജീവനും കൊണ്ടോടുന്നതാണ്.

ഓടി രക്ഷപെടാനുള്ള മാർഗങ്ങൾ മുഴുവൻ മണ്ണും വെള്ളവും മരങ്ങളും കുത്തിയൊലിച്ചെത്തുന്ന കാഴ്ച. നടുവിലെ തുരുത്തിൽ നാൽപ്പതോളം ജീവനുകൾ. രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടഞ്ഞു. ഒടുവിൽ പതിനേഴ് വീടുകളിലെ നാൽപ്പതു ആളുകൾ മരണത്തെ മുഖാമുഖം കണ്ട് തുരുത്തിൽത്തന്നെ നിലയുറപ്പിച്ചു.

എന്താണ് സംഭവിച്ചതെന്നു വ്യക്തതയില്ല. മുന്നിൽ കൂരിരുൾ മാത്രം. വീണ്ടും മല പിളർന്നു നിലംപതിക്കുമെന്ന ഭയം. എല്ലാം ഉള്ളിലൊതുക്കി എവിടേക്കും പോകാനാകാതെ കോരിച്ചൊരിയുന്ന മഴയിൽ നിലവിളിക്കുകയായിരുന്നു രാത്രി മുഴുവൻ അവർ. സഹായത്തിനാരുമില്ല. നേരം പുലർന്ന് നാട്ടുകാരുടെ സഹായത്താൽ ഇവർ പുതുജീവനിലേക്കു തിരികയെത്തുകയായിരുന്നു.

സുരക്ഷ കരുതി അയൽവാസികൾ തന്‍റെ വീട്ടിലെത്തിയപ്പേഴാണ് പ്രമോദും ഭാര്യ സജിതയും അയൽവാസി സുനിലിന്‍റെയും പുഷ്പയുടെയും വീട്ടിൽ കിടക്കാനെത്തിയത്. രാത്രി എട്ടുമണിയോടെ ഹുങ്കാര ശബ്ദം കേട്ടതോടെയാണ് വീടിന്‍റെ മുൻഭാഗത്തുണ്ടായിരുന്ന പ്രമോദ്, സുനിലിനോടും ഭാര്യയോടും മലയിടിഞ്ഞെന്നും ഓടിക്കോളാനും പറയുന്നത്.

തുടർന്നു ആകെ ബഹളമായിരുന്നു. അടുത്ത വീട്ടുകാരും സുനിലും പുഷ്പയും പ്രമോദും സജിതയും സമീപത്തെ എട്ടോളം വീടുകളിലുള്ളവരും വീടുപേക്ഷിച്ച് മഴയത്ത് ഓടുകയായിരുന്നു. സംഹാരതാണ്ഡവം ഒതുങ്ങിയ ശേഷം വല്ലിശേരി കൃഷ്ണന്‍റെ വീട്ടിലേക്ക് എല്ലാവരും എത്തിച്ചേർന്നു. രാവിലെ നാട്ടുകാർ വടംകെട്ടിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

മേഖലയിൽ അതിശക്തമായ മഴ പെയ്തിറങ്ങിയ സാഹചര്യത്തിൽ പോലും ബന്ധപ്പെട്ടവർ മുത്തപ്പൻ കുന്നിലെ താമസക്കാരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ മുന്നറിയിപ്പ് നൽകിയില്ലെന്ന് എച്ച്സിഎല്ലിലെ മുൻ ജീവനക്കാരനായ പ്രമോദ് പറയുന്നു. മുന്നറിയിപ്പുണ്ടായിരുന്നെങ്കിൽ മരണസംഖ്യ ഗണ്യമായി കുറക്കാനാവുമായിരുന്നു.

 

Related posts