വടകര: മനുഷ്യനെ ഉപദ്രവിക്കുന്ന തെരുവുനായകളെ ഉന്മൂലനം ചെയ്യണമെന്നാവശ്യപ്പെട്ട് ഗിന്നസ് താരം തൃശൂര്‍ നസീറിന്റെ ഉപവാസ പാട്ടു സമരം വടകരയിലും. റസ്റ്റ് ഹൗസ് പരിസരത്താണ് നസീര്‍ 12 മണിക്കൂര്‍ പാട്ട് പാടി ഉപവസിച്ചത്. തെരുവ് പട്ടികള്‍ മനുഷ്യനെ കടിച്ചു കൊല്ലുമ്പോള്‍ നോക്കിയിരിക്കാനാവില്ലെന്ന് പറഞ്ഞാണ് നസീര്‍ പുതിയ സമരമുറ സ്വീകരിച്ചിരിക്കുന്നത്. അക്രമകാരികളായ പട്ടികളെ കൊല്ലാന്‍ കേരള സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് താന്‍ കോടതിയെ സമീപിച്ച് വാങ്ങിയതാണെന്ന് 84 പേജുള്ള ഉത്തരവ് കാണിച്ച് നസീര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ 30 നകം നടപടി ഉണ്ടായില്ലെങ്കില്‍ 50 പട്ടികളേയും കൊണ്ട് ഡല്‍ഹിയില്‍ പോകുമെന്നും ജനത്തിന് വേണ്ടി മരിക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ഗാനമേളയും മിമിക്സും അവതരിപ്പിച്ചു. പേപ്പട്ടികള്‍ മൂലമുണ്ടായ ദുരിതത്തിന്റെ നേര്കാഴ്ചകളടങ്ങിയ ചിത്രപ്രദര്‍ശനവും ഉണ്ടായി. പരിപാടി കാണാന്‍ നിരവധി പേരാണ് എത്തിയത്.