അമ്പലപ്പുഴ: ദേശീയപാതയിൽ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾക്കു ദാരുണാന്ത്യം. തിരുവനന്തപുരം ഐഎസ്ആര്ഒയിലെ കാന്റീൻ നടത്തിപ്പുകാരാണ് മരിച്ച അഞ്ചു പേരും. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഇവർ.
ആലപ്പുഴ ഭാഗത്തേക്ക് വന്ന ഓൾട്ടോ കാറിൽ കൊല്ലം ഭാഗത്തേക്ക് അരി കയറ്റി പോകുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇന്നു പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.
തിരുവനന്തപുരം ആലത്തൂർ യേശുദാസിന്റെ മകൻ ഷിജിൻ ദാസ് (24), ആലത്തൂർ കുളത്തിൻകര കാപ്പുകാട്ടിൽ മോഹനന്റെ മകൻ മനു (24), ആലത്തൂർ തെക്കേക്കര പുത്തൻവീട്ടിൽ ശ്രീകുമാറിന്റെ മകൻ പ്രസാദ് (25), തിരുവനന്തപുരം മുട്ടട അഞ്ജനയിൽ ചാക്കോയുടെ മകൻ സുമോദ്, കൊല്ലം മൺട്രോത്തുരുത്ത് അനുനിവാസിൽ രാധാമണിയുടെ മകൻ അമൽ (28) എന്നിവരാണ് മരിച്ചത്.
നാലുപേർ സംഭവസ്ഥലത്തും ഒരാൾ മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു. അമലാണ് ആശുപത്രിയിൽ മരിച്ചത്. കാറിൽ ഇവർ അഞ്ചു പേരാണ് ഉണ്ടായിരുന്നത്.
മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു.
ആലപ്പുഴ, തകഴി യൂണിറ്റുകളിലെ ഫയർഫോഴ്സും പോലീസും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഏറെനേരം ശ്രമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കാർ പൂർണമായി തകർന്നു.
കാർ വെട്ടിപ്പൊളിച്ചാണ് അതിനുള്ളിലുള്ളവരെ പുറത്തെടുത്തത്. കാർ അമിതവേഗതയിലായിരുന്നുവെന്ന് പോലീസ് പറയുന്നു.
ലോറി ഡ്രൈവറെയും സഹായിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർക്ക് നിസാര പരിക്കുണ്ട്. മേൽപ്പാലത്തിലെ കുഴികളാണ് അപകടത്തിനിടയാക്കിയെതെന്നും ഇവിടെ അപകടങ്ങൾ പതിവാണെന്നും പ്രദേശവാസികൾ പറഞ്ഞു.
കൂട്ടക്കുരുതിക്ക് വേദിയൊരുക്കി മേൽപ്പാലത്തിലെ കുഴികൾ
അമ്പലപ്പുഴ: ദേശീയപാതയിൽ കക്കാഴം മേൽപാലത്തിലെ കുഴികളാണ് അഞ്ച് ചെറുപ്പക്കാരുടെ ജീവൻ നഷ്ടപ്പെടാനുള്ള അപകടത്തിനിടയാക്കിയത്.
ആറു മാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ ഭാഗം വീണ്ടും പൊട്ടിപ്പൊളിഞ്ഞ് കുഴിയാവുകയായിരുന്നു. കുഴികൾ ഗർത്തങ്ങളായെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല.
കൂറ്റൻ കണ്ടെയ്നറുകൾ ഉൾപ്പടെ സഞ്ചരിക്കുന്ന കാക്കാഴം പാലത്തിന്റെ അവസ്ഥ വളരെ ശോചനീയമാണ്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് പാലത്തിലെ കുഴികളിൽ വീണ് ദിനംപ്രതി ഉണ്ടാകുന്നത്.
അശാസ്ത്രീയമായ നിർമാണ പ്രവൃത്തിയാണ് അടിക്കടി റോഡു പൊളിയാൻ കാരണമാകുന്നത്. അഞ്ച് യുവാക്കളുടെ ദാരുണ മരണത്തോടെയെങ്കിലും അധികൃതർ കണ്ണ് തുറക്കുമോ?