പത്തനാപുരം: ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്രയമായ കുടിവെളളപദ്ധതിക്ക് ദോഷം സംഭവിക്കുന്നതും ചരിത്രശേഷിപ്പുകള്‍ നിലകൊള്ളുന്നതുമായ കാട്ടാമലയെ തച്ചുടയ്ക്കാനായി ക്വാറി മാഫിയ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ക്വാറിയുടെ പ്രവര്‍ത്തനത്തിനായി ഇടതുസര്‍ക്കാരില്‍ നിന്നും അനുമതിനേടിയെടുക്കാനുളള നടപടികളാണ് നടത്തിവരുന്നത്. നേരത്തെ പാറഖനനം നടത്താനായുളള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നടക്കാതെ പോവുകയായിരുന്നു. കാട്ടാമലപ്രദേശം ഉള്‍പ്പെടുന്ന പന്ത്രണ്ടേക്കര്‍ 82 സെന്റ് സ്ഥലമാണ് ക്വാറിമാഫിയ സ്വന്തമാക്കിയത്.
പ്രകൃതിക്കും മനുഷ്യനും ഭീഷണിയാകുന്ന പാറഖനനം അനുവദിക്കില്ല എന്ന പ്രതിജ്ഞയോടെ പ്രദേശവാ സികള്‍ അന്നും ഇന്നും പ്രക്ഷോഭത്തിലാണ്. അഞ്ച് വര്‍ഷം മുമ്പാണ് കാട്ടാമലയെ ഇടിച്ചു നിരത്തുക എന്ന ലക്ഷ്യത്തോടെ മുഖത്തല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്വാറിമാഫിയ പട്ടാഴിയിലെത്തിയത്. ഇതിനായി പട്ടാഴി പന്തപ്ലാവ് വാര്‍ഡില്‍പ്പെടുന്ന നിര്‍ദിഷ്ടപ്രദേശം പല വ്യക്തികളുടെ കൈയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കുകയും ചെയ്തു. പാറമടയുടെ അനുമതിക്കായി ഗ്രാമപഞ്ചായത്തിനെ സമീപിച്ചെങ്കിലും കുടിവെള്ളപദ്ധതിയെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് അനുമതി നിഷേധിച്ചു. അനുമതി നല്‍കരുതെന്ന ആവശ്യവുമായി രാഷ്ട്രീയപാര്‍ട്ടികളും പ്രക്ഷോഭങ്ങളുമായി രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് അനുമതി ബോധപൂര്‍വം നല്‍കുന്നില്ല എന്ന് കാണിച്ച് ക്വാറിസംഘം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം കാട്ടാമലയിലെ പാറഖനനം പൂക്കുന്നിമല കുടിവെള്ളപദ്ധതിയെ ദോഷകരമായി ബാധിക്കുമോ എന്നറിയാനായി വിദഗ്ധസംഘത്തെ പരിശോധനയ്ക്കായി നിയോഗിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന സൂറത്ത് എന്‍ഐടികെയിലെ മൈനിംഗ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്റെ പരിശോധന ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് സമാപിച്ചത്.
പാറ പൊട്ടിച്ചാല്‍ ഉണ്ടാകുന്ന ആഘാതം മനസിലാക്കാനും ഹൈക്കോടതിയെ വിവരം ധരിപ്പിക്കാനുമെത്തിയ വിദഗ്ധസംഘത്തിന്റെ പരിശോധന പ്രഹസനമാണെന്നും കൂടാതെ പാറമടയില്‍ പരീക്ഷണത്തിന് സ്ഫോടനം നടത്തുമ്പോള്‍ ഉണ്ടാകേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അഭാവവും ചൂണ്ടിക്കാട്ടിയാണ് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പരിശോധന തടഞ്ഞത്. പാറഖനനം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സമീപത്തായാണ് 33 കോടി 45 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പൂക്കുന്നിമല കുടിവെള്ളപദ്ധതിയുടെ പ്ലാന്റ് സ്ഥിതിചെയ്യുന്നത്.
മൂന്ന് ദിവസമായി പത്തോളം ചെറുസ്ഫോടനങ്ങള്‍ നടത്തിയാണ് വിദഗ്ധസംഘം പരിശോധന നടത്തിയത്. മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പൂക്കുന്നിമല കുടിവെള്ളപദ്ധതിയെയും ജൈവവൈവിധ്യമായ ചരിത്ര മുറങ്ങുന്ന കാട്ടാമലയെയും രക്ഷിക്കാനായി ഉറക്കം വെടിഞ്ഞ് കാത്തിരിക്കുകയാണ് നാട്ടുകാര്‍.