വിശുദ്ധ മദര്‍ തെരേസയ്ക്കു പ്രണാമം; അഗതികളില്ല അതിഥികളും; ആതിഥേയരായി ‘അമ്മ”യുടെ മക്കള്‍

tcr-agathyസ്വന്തം ലേഖകന്‍
തൃശൂര്‍: “എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവനു നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തത്’. വിശക്കുന്നവന് അന്നവും ദാഹിക്കുന്നവനു തെളിനീരും പാദമിടറുന്നവനു കൈത്താങ്ങും നല്കി വചനം സ്‌നേഹത്താല്‍ വാചാലമാക്കുകയായിരുന്നു ഇന്നലെ കുരിയിച്ചിറക്കാര്‍.തെരുവില്‍ അലയുന്നവരെ പൂമാലയിട്ടു സ്വീകരിച്ചും നെഞ്ചോടുചേര്‍ത്ത് ആശ്ലേഷിച്ചും വിരുന്നൂട്ടിയും അവര്‍ വിശുദ്ധയായി പ്രഖ്യാപിച്ച അഗതികളുടെ അമ്മയ്ക്കു പ്രണാമമേകി. കുരിയച്ചിറ സെന്റ് ജോസഫ്‌സ് പള്ളി ഇടവകയില്‍ നടത്തിയ മദര്‍ തേരേസ ഫെസ്റ്റിലാണ് ഇടവകാംഗങ്ങള്‍ നിരാലംബരേയും യാചകരേയും അതിഥികളായി സ്വീകരിച്ചും പരിചരിച്ചും കരുണയുടെ സന്ദേശം പകര്‍ന്നത്.     തെരുവില്‍ അലയുന്നവരെയും മനുഷ്യജീവികളായി പരിഗണിക്കണമെന്നും സ്‌നേഹിക്കണമെന്നുമുള്ള സന്ദേശം സ്വജീവിതത്തില്‍ പകര്‍ത്തിയും മറ്റുള്ളവരിലേക്കു പകര്‍ന്നും കരുണയുടെ ഉത്സവം അമ്മയ്ക്കായി സമര്‍പ്പിച്ചു.

നഗരത്തിലെ യാചകരുള്‍പ്പെടെ അഞ്ഞൂറോളം തെരുവിന്റെ മക്കള്‍ കുരിയച്ചിറക്കാരുടെ അതിഥികളായെത്തി. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ഇന്നലെ രാവിലെ എട്ടുമുതല്‍ കരുണയുടെ ഉത്സവത്തിന് കുരിയച്ചിറയില്‍ കൊടിയേറി. തെരുവില്‍ അലയുന്നവരുടെ ആദ്യസംഘത്തെ അഥിതികളാക്കി എട്ടുമണിയോടെ തന്നെ കുരിയച്ചിറ പള്ളിയിലെത്തിച്ചു. തുടര്‍ന്നങ്ങോട്ട് ഒറ്റയ്ക്കും സംഘങ്ങളായും തെരുവില്‍ അലയുന്നവരെ ഇടവകക്കാര്‍ വരവേറ്റു. വിരുന്നുകാരെ പൂമാലയണിയിച്ചും കരങ്ങള്‍ ചേര്‍ത്തുമാണു സ്ത്രീകളും കുട്ടികളുമടക്കമുള്ള ഇടകവ ജനങ്ങള്‍ വരവേറ്റത്. താടിയും മുടിയും വെട്ടി കുളിപ്പിച്ചൊരുക്കി, പുതുവസ്ത്രങ്ങള്‍ അണിയിച്ച് എല്ലാവരെയും വിശിഷ്ടാതിഥികളായി പള്ളിയങ്കണത്തിലിരുത്തി. ഒന്നിച്ചിരുന്നു കുശലാന്വേഷണം നടത്തി.

10.30ഓടെ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ നടന്ന ദിവ്യബലിയിലും ഇവര്‍ പങ്കെടുത്തു. അഗതികളെ ശുശ്രൂഷിക്കുമ്പോള്‍ മദറിന്റെ പുണ്യം സ്വന്തമാക്കിയിരിക്കുകയാണ് കുരിയച്ചിറക്കാരെന്നു കൂര്‍ബാനയ്ക്കു മധ്യേയുള്ള സന്ദേശത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. നമ്മള്‍ ഓരോരുത്തരും മുറിച്ചു പങ്കുവയ്ക്കപ്പെടാനുള്ളവരാണെന്നും കുരിയച്ചിറയിലെ സേവനം മറ്റുള്ളവര്‍ക്കു മാതൃകയാണെന്നും സഹായമെത്രാന്‍ പറഞ്ഞു. ഫാ. രഞ്ജിത്ത് പുളിക്കന്‍, അസിസ്റ്റന്റ് വികാരി ഫാ. ജോണ്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായി.

ഉച്ചയ്ക്ക് ഇടവക ജനങ്ങളൊരുക്കിയ സ്‌നേഹ വിരുന്നുണ്ടു. വയറുനിറയെ ചിക്കന്‍ ബിരിയാണി. ഇടവകയിലെ 42 കുടുംബ കൂട്ടായ്മകളാണു ഫെസ്റ്റിനുള്ള സജ്ജീകരണങ്ങളൊരുക്കിയത്. പുതുവസ്ത്രങ്ങള്‍ സമ്മാനിച്ചതിനു പുറമേ, കുട്ടികൂട്ടായ്മയായ സാന്‍ജോ ബഡ്‌സ് സമാഹരിച്ച സോപ്പ്, ടൂത്ത് പേസ്റ്റ്, ബ്രഷ് തുടങ്ങിയവ അടങ്ങിയ സമ്മാനപ്പൊതികളും നല്‍കിയാണു അതിഥികളെ യാത്രയാക്കിയത്.വികാരി ഫാ. വര്‍ഗീസ് കരിപ്പേരിയുടെ നേതൃത്വത്തില്‍ ഏതാനും മാസങ്ങളായി ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു. മന്ത്രി വി.എസ്. സുനില്‍കുമാര്‍, മേയര്‍ അജിത ജയരാജന്‍, കൗണ്‍സിലര്‍മാരായ ജയ മുത്തിപ്പീടിക, ജേക്കബ് പുലിക്കോട്ടില്‍, ഷോമി ഫ്രാന്‍സിസ് തുടങ്ങിയവര്‍ കരുണയുടെ ഉത്സവത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി.

കണ്‍വീനര്‍ ജോണ്‍സണ്‍ പാലിയേക്കര, ടോമി ആട്ടോക്കാരന്‍, യു.പി. തോമസ്, സാബു പുളിക്കന്‍, റപ്പായി പാലമറ്റം, ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ജെയിംസ് പാലമറ്റം, സി.എ. ജെയിംസ്, ദേവസി, ആന്റോ, മില്‍ട്ടന്‍ അന്താസ്, സി.കെ. പോളി, ജെയ്മി, ജോളി ജോണ്‍, നടത്തുകൈക്കാരന്‍ വിന്‍സന്റ് ആളൂര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.ഒറ്റദിവസത്തോടെ അവസാനിക്കുന്നതല്ല ഈ കരുണയുടെ ഉത്സവമെന്നതാണ് ഏറ്റവുംവലിയ പ്രത്യേകത.

യാചകരടക്കമുള്ള തെരുവിന്റെ മക്കള്‍ക്കു ഭക്ഷണവും പുതുവസ്ത്രങ്ങളും നല്‍കി പരിചരിക്കുന്നതിനുള്ള സ്ഥിരം സംവിധാനമായി “മദര്‍ തെരേസ ഹോം’ എന്ന പ്രസ്ഥാനം കഴിഞ്ഞമാസം മുതല്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. തെരുവുമക്കളെ ജോലി നല്‍കി പുനരധിവസിപ്പിക്കുന്നതുള്‍പ്പെടെയുള്ള ബൃഹത് ലക്ഷ്യങ്ങളുമായാണു മദര്‍ തെരേസ ഹോം പ്രവര്‍ത്തിക്കുന്നത്. മദര്‍ തെരേസ ഹോമില്‍ ഓരോ ദിവസവും അഞ്ചു തെരുവുമക്കളെ പരിചരിക്കുന്നുണ്ട്. ഇവര്‍ക്കു ചികിത്സയും പുതുവസ്ത്രങ്ങളും നല്‍കുന്നുമുണ്ട്.

Related posts