മറയൂര്‍: ഓണവും തിരുവോണവും കുമ്പിളില്‍തന്നെ കഴിച്ചിരുന്നവര്‍ ഇക്കുറി തൂശനിലയില്‍ സദ്യ ഉണ്ട് ആഘോഷിക്കും. വനംവകുപ്പിന്റെ നേതൃത്വത്തിലാണ് മറയൂരിലെ ആദിവാസികള്‍ക്ക് ‘കാടോണം’ നടത്തുന്നത്.മറയൂര്‍ മലനിരകളിലെ പതിനൊന്നോളം ആദിവാസി കുടികളില്‍ ഓണം ആഘോഷിക്കുന്നതിനാണ് വനംവകുപ്പ് പദ്ധതി തയാറാക്കിയിരിക്കുന്നത്.പദ്ധതി വെള്ളക്കല്‍ കുടിയില്‍ ആരംഭിച്ചു. വെള്ളക്കല്‍, പുതുക്കുടി എന്നിവിടങ്ങളിലെ മുതുവാന്‍ വിഭാഗത്തില്‍പെട്ട ആദിവാസികളോടൊപ്പമായിരുന്നു കാടോണത്തിന്റെ ആദ്യദിനം. ആറുദിവസം നീണ്ടുനില്‍ക്കുന്ന കാടോണം ആഘോഷത്തിനു ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് തുടക്കംകുറിച്ചു.
ആദിവാസികള്‍ക്കായി ഓണസദ്യയൊരുക്കിയപ്പോള് ക്ഷണിതാവായെത്തിയ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ആദിവാസികള്‍ക്കൊപ്പം ഓണ സദ്യ ഉണ്ടും അവരോടൊപ്പം മേളം കൊട്ടിയും പരിപാടി കൊഴുപ്പിച്ചു.മറയൂരില്‍നിന്ന് വനം വകുപ്പ് തയാറാക്കിയ ജീപ്പില്‍ രാവിലെ 11-ഓടെ മറയൂര്‍ മലമുകളിലെ കല്ലുനിറഞ്ഞ കാട്ടുപാതയിലുടെ ഒരുമണിക്കൂര്‍ യാത്ര ചെയ്താണ് പുതുക്കുടിയില്‍ എത്തിയത്. കുടിയിലെത്തിയ സബ് കളക്ടറെ പൂച്ചെണ്ട് നല്‍കിയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമാണ് വരവേറ്റത്.
പേപ്പര്‍ വാഴയില ഉപേക്ഷിച്ച് പ്രകൃതിയുടെ സ്വന്തം വാഴയിലയില്‍ അച്ചാര്‍, ഉപ്പേരി, പപ്പടം, പഴം, പായസം കൂടാതെ പത്തോളം ചെറുകറികളും കൂട്ടിയായിരുന്നു സദ്യ. ജീവിതത്തിലാദ്യമായാണ് ഇത്തരത്തില്‍ ഓണസദ്യയുണ്ണുന്നതെന്ന് പുതുക്കുടി കാണി മണിമുത്തു പറഞ്ഞു.ജാതി മത വര്‍ഗ ഭേദമെന്യേ എല്ലാവരും കാടോണത്തില്‍ പൂര്‍ണമായും സഹകരിച്ചപ്പോള്‍ വെള്ളക്കല്ലില് ഇന്നലെ പൊന്നോണമായി. 11 വരെ വിവിധ കുടികളിലായി കാടോണം ആഘോഷ പരിപാടികള്‍ തുടരും. ചിന്നാര്‍ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് പി.എം. പ്രഭു “കാടോണം’ പരിപാടികള്‍ക്ക് നേതൃത്വംനല്കും.