കൊല്ലം: യാചക വേഷത്തില്‍ കഞ്ചാവ് വില്‍പന നടത്തിയ തമിഴ്‌നാട് സ്വദേശി പിടിയില്‍. ഓണത്തോടനുബന്ധിച്ചുള്ള സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി കൊല്ലം എക്‌സൈസും എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ റെയ്ഡില്‍ ആണ് ഇയാള്‍ പിടിയിലായത്. കുണ്ടറ ഇളമ്പള്ളൂര്‍ ദേശീയപാതയുടെ സമീപത്തുനിന്നും യാചക വേഷത്തില്‍ വില്‍പ്പന നടത്തുകയായിരുന്ന തമിഴ്‌നാട് സ്വദേശി സെയ്ദ് മുഹമ്മദ്(70) നെയാണ് 50 പൊതി കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
മുന്‍പും കഞ്ചാവ് വില്‍പ്പനയ്ക്ക് ഇയാള്‍ എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്. തമിഴ്‌നാട്ടിലെ തേനിയില്‍നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. പ്രതിയില്‍നിന്നും കഞ്ചാവ് വാങ്ങുന്നവരെപ്പറ്റി സൂചന ലഭിച്ചതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
റെയ്ഡില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.രാജേഷിനൊപ്പം ഇന്‍സ്‌പെക്ടര്‍മാരായ ജെ.പി ആന്‍ഡ്രൂസ്, വിജയന്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബാലചന്ദ്രകുമാര്‍, ഫ്രാന്‍സിസ് ബോസ്‌കോ, പ്രിവന്റീവ് ഓഫീസര്‍ നിഷാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, ബിജുമോന്‍, സതീഷ് ചന്ദ്രന്‍, രാജു, മിനേഷ്യസ്, ദിലീപ് എന്നിവര്‍ പങ്കെടുത്തു.