ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ശ്വാസംമുട്ടല്‍ ഒപി വിഭാഗത്തിനു സമീപമുള്ള ഓടയില്‍ നിന്നുള്ള ദുര്‍ഗന്ധം മൂലം ഡോക്്ടര്‍മാരും രോഗികളും ബുദ്ധിമുട്ടുന്നു. ശ്വാസം മുട്ടല്‍ ഒപി വിഭാഗത്തിനു സമീപത്തു കൂടിയാണ് മാലിന്യം നിറഞ്ഞ അഴുക്ക്ചാല്‍ ഒഴുകുന്നത്. മാലിന്യം ഒഴുകിപോകാതെ കെട്ടികിടക്കുന്നതും മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന യൂറോളജി വിഭാഗത്തിലെ മാലിന്യപൈപ്പില്‍ നിന്നുള്ള ചോര്‍ച്ചയുമാണ് അസഹനീയമായ ദുര്‍ഗന്ധത്തിനു പ്രധാന കാരണം.
ദിനം പ്രതി നിരധിയാളുകളാണ് ചികിത്സക്കായി ഇവിടെ എത്തുന്നത്. ശ്വാസമുട്ടല്‍ ഒപി വിഭാഗം പ്രവര്‍ത്തിക്കുന്നത് അത്യാഹിതവിഭാഗത്തിന്റെ വലതുഭാഗത്തായിട്ടാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നു ജനറല്‍ സര്‍ജറി ഒപിയ്ക്കും ശ്വാസമുട്ടല്‍ ഒപിയക്കുമായി പുതിയ മന്ദിരം രണ്ടു വര്‍ഷം മുമ്പ് നിര്‍മിച്ചു. പുതിയ മന്ദിരത്തിനു ഒപി വിഭാഗങ്ങളുടെ ഇടയിലൂടെയാണ് ഓട കടന്നു പോകുന്നത്.
മന്ദിരത്തിന്റെ നിര്‍മാണത്തിലെ അപാകതമൂലം ഈ ഭാഗത്ത് ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ ആശുപത്രി ജീവനക്കാര്‍ക്കു കഴിയുന്നില്ല. മന്ദിരത്തിലെ മുറിയുടെ നിര്‍മാണത്തിനിടയില്‍ ഡോക്്ടര്‍മാര്‍ ഇരിക്കുന്ന ഭാഗത്തെ ഭിത്തിയില്‍ വിള്ളല്‍ വീഴുകയും സിമെന്റ് പാളി അടര്‍ന്നു വീഴുകയും മേല്‍ക്കൂരയ്ക്കു ചോര്‍ച്ച ഉണ്ടാവുകയും ചെയ്തിരുന്നു. പ്രശ്നത്തിനു എത്രയും വേഗം പരിഹാരം കാണണമെന്നു രോഗികളും ഡോക്്ടര്‍മാരും ആവശ്യപ്പെട്ടു.