തൃശൂര്‍: പാലം തകര്‍ന്ന് അപകടത്തില്‍പ്പെട്ടയാള്‍ സര്‍ക്കാര്‍ ധനസഹായത്തിന് അര്‍ഹനാണെന്നും ഇതുസംബന്ധിച്ച് ജില്ലാ കളക്ടറോട് നടപടി സ്വീകരിക്കാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു. വെള്ളമെടുത്തു മടങ്ങുമ്പോള്‍ പീച്ചി കനാല്‍ ഇറിഗേഷന്‍ വകുപ്പിന്റെ നടപ്പാലം തകര്‍ന്ന് കനാലിലേക്കുവീണ് മുടിക്കോട് താഴത്തുവളപ്പില്‍ പ്രഭാകരന്(65) കാലിന്റെ തുടയെല്ലുപൊട്ടി ഗുരുതരമായി പരിക്കേറ്റിരുന്നു.
ചികിത്സയ്ക്കായി 30,000 രൂപ ചെലവാകുകയും തുടര്‍ചികിത്സയ്ക്കായി ആഴ്ചയില്‍ 500 രൂപ ചെലവും വരുന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കമ്മീഷന്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കനാല്‍ പുനരുദ്ധാരണ പ്രവൃത്തിനടക്കുമ്പോള്‍ പാലം നാട്ടുകാര്‍ നിര്‍മിച്ചതാണെന്ന് പരിസരവാസികളില്‍നിന്നും അറിയാന്‍ കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട് നല്കിയത്.
പരിസരവാസികളുടെ പേരോ, വിലാസമോ സൂചിപ്പിക്കാത്ത റിപ്പോര്‍ട്ട് തള്ളണമെന്നും പരിസരവാസികളായ രണ്ടുപേര്‍ ഇറിഗേഷന്‍ വകുപ്പുതന്നെയാണ് പാലം നിര്‍മിച്ചതെന്ന് സാക്ഷിമൊഴി നല്കുകയും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കനാലിനു മുകളിലുള്ള പാലങ്ങളുടെ ഉത്തരവാദിത്വം വകുപ്പിനു തന്നെയാണെന്നും പരാതിക്കാരനുവേണ്ടി നേര്‍കാഴ്ച മനുഷ്യാവകാശ സംരക്ഷസമിതി ചൂണ്ടിക്കാട്ടി. ഇതു പരിഗണിച്ച് കമ്മീഷന്‍ അപകടാവസ്ഥയിലുള്ള പാലങ്ങളില്‍ അപായഭീഷണി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനങ്ങളും ഇറിഗേഷന്‍ വകുപ്പും നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്കി.