കൊച്ചി: ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സഹപ്രവര്ത്തകന് സഹായഹസ്തവുമായി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍. കഴിഞ്ഞ 28-നായിരുന്നു ഈ സ്റ്റാന്‍ഡിലെ ഡ്രൈവറായ കളമ്പൂര് ചെല്ലിക്കാട്ടില്‍ കെ.വി. ഷൈമോന്‍ (41) ഓടിച്ചിരുന്ന ഓട്ടോ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് മറിഞ്ഞ് പരിക്കേറ്റത്. ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുന്ന ഷൈമോന്‍ വിദഗ്ധ ചികിത്സ നല്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ ഒന്നായി ഇറങ്ങിയിരിക്കുകയാണ്.
തെരുവുനായയുടെ ദേഹത്തു കയറിയതിനെത്തുടര്‍ന്നു നിയന്ത്രണംവിട്ടു മറിഞ്ഞ ഓട്ടോയുടെ അടിയില്‍പ്പെട്ട് തകര്‍ന്ന ഷൈമോന്റെ വൃക്ക എടുത്തുകളഞ്ഞിരുന്നു. എറണാകുളത്തെ ആശുപത്രിയില്‍ 12 ദിവസമായി ചികിത്സയില്‍ കഴിയുന്ന ഷൈമോന്‍ ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല. ഭാര്യയും രണ്ട് കുട്ടികളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷൈമോന്‍. ഷൈമോന്റെ ചികിത്സയ്ക്കായി ആറുലക്ഷത്തിലധികം രൂപ കണെ്ടത്തണം.
തുടര്‍ചികിത്സയ്ക്കായ് പണം കണെ്ടത്താനാണ് നോര്‍ത്ത് പ്രീപെയ്ഡ് സ്റ്റാന്‍ഡിലെ ഓട്ടോ തൊഴിലാളികളുടെ ഈ സന്നദ്ധപ്രവര്‍ത്തനം. ഓട്ടോ ഓടി കിട്ടുന്ന പണം ഷൈമോന്റെ ചികിത്സാസഹായത്തിനായി മാറ്റിവയ്ക്കുകയാണ് പ്രീപെയ്ഡ് സ്റ്റാന്‍ഡിലെ ഓട്ടോത്തൊഴിലാളികള്‍. 20 ഓട്ടോകളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഓടിയ കൂലി ഡ്രൈവര്‍മാര്‍ എടുത്തില്ല. പകരം ഓട്ടോയില്‍ ഷൈമോന്റെ ചികിത്സാസഹായ നിധിക്കായി സ്ഥാപിച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഓട്ടോക്കൂലിയില്‍ നിന്നധികമായി ഒരു രൂപ പോലും ആവശ്യപ്പെട്ടതുമില്ല. എന്നാല്‍ കാര്യമറിഞ്ഞ് ഉദാരമായി പണം നല്കി സഹായിച്ചവരുമുണെ്ടന്ന് സഹായ സമിതി ചെയര്മാന് എ.ജെ. ജോണ്‍ പറഞ്ഞു. ഇന്നും 15 ഓളം ഓട്ടോകളില്‍ യാത്ര സൗജന്യമായിരിക്കും. ഓട്ടോക്കൂലിക്കുപകരം ചികിത്സസഹായനിധിയിലേക്ക് സംഭാവനകള്‍ മാത്രമേ ഈ ഓട്ടോകളില്‍ സ്വീകരിക്കുന്നുള്ളു. കൂടാതെ ഓട്ടോസ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും സഹായനിധി ശേഖരണമുണ്ട്. ഇന്നു ലഭിക്കുന്ന പണം കൂടി സമാഹരിച്ച തുക ഷൈമോന്റെ കുടുംബത്തിന് കൈമാറും.