ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ ബാഴ്സലോണയ്ക്ക് അപ്രതീക്ഷിത തോല്‍വി. അതും സ്വന്തം ന്യൂ കാമ്പ് സ്റ്റേഡിയത്തില്‍വച്ച്. 2005-06നുശേഷം പുതുതായി ലീഗിലേക്കു സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഡിപ്പോര്‍ട്ടിവോ ആല്‍വ്സാണ് ബാഴ്സയെ 2-1ന് കീഴടക്കിയത്. ബാഴ്സലോണയുടെ പ്രശസ്തമായ എംഎസ്എന്‍ ത്രയത്തിലെ ലയണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവരെ ഉള്‍പ്പെടുത്താതെയാണ് ലൂയിസ് എന്റിക്കെ ആദ്യ ഇലവനെ ഇറക്കിയത്. ഈ ത്രയത്തിലെ നെയ്മര്‍ മാത്രമാണ് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചത്. രണ്ടാം പകുതിയുടെ ഇടയില്‍ മെസിയെയും സുവാരസിനെയും ഇറക്കിയെങ്കിലും ഇവര്‍ക്ക് ടീമിനെ തോല്‍വിയില്‍നിന്നു രക്ഷിക്കാനായില്ല. മൗറിസിയോ പെല്ലെഗ്രിനോ പരിശീലിപ്പിക്കുന്ന ആല്‍വ്സ് മത്സരത്തിലുടനീളം അത്യുജ്വല പ്രകടനമാണ് കാഴ്ചവച്ചത്. ബാഴ്സയുടെ മുന്നേറ്റത്തെ നേരിട്ട ആല്‍വ്സിന്റെ പ്രതിരോധത്തിന് മുഴുവന്‍ മാര്‍ക്കും കൊടുത്തേ മതിയാകൂ.
ഇടവേളയ്ക്കു പിരിയും മുമ്പേ ഡെവേഴ്സണ്‍ ആല്‍വ്സിനു ലീഡ് നല്കി. ഫ്രാന്‍സിസ്കോ ഫെമേനിയയുടെ ക്രോസില്നിന്നുമാണ് ഗോളിലേക്കുള്ള പാത തുറന്നത്. ബാഴ്സ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച ജാസ്പര്‍ സിലേസനു പന്ത് തടയാനായില്ല. രണ്ടാം പകുതി തുടങ്ങിയതേ നെയ്മര്‍ നല്കിയ പാസില്‍ ജെര്‍മി മത്തേയുവിന്റെ ക്ലോസ് റേഞ്ച് ഹെഡര്‍ ബാഴ്സയ്ക്കു സമനില നല്കി. മത്സരം തീരാന്‍ അര മണിക്കൂര്കൂടിയുള്ളപ്പോള് എന്റിക്കെ മെസിയെ കളത്തിലിറക്കി. 64-ാം മിനിറ്റില്‍ ബാഴ്സയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് ഇബയ് ഗോമസ് ആല്‍വ്സിന് ഒരിക്കല്‍കൂടി ലീഡ് നല്കി. നിലവിലെ ചാമ്പ്യന്മാരുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് ഗോമസ് വലകുലുക്കിയത്. ഈ ഗോളിനു പിന്നാലെ ബാഴ്സ പരിശീലകന് ആന്ദ്രെ ഇനിയസ്റ്റെയെ ഇറക്കിയെങ്കിലും ഈ നീക്കങ്ങള്‍ക്കൊന്നും പ്രതീക്ഷിച്ച ഫലം ഉണ്ടാക്കാനായില്ല.
തോല്‍വി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ 66-ാം മിനിറ്റില്‍ സുവാരസിനെ എന്റിക്കെ കളത്തില്‍ അവതരിപ്പിച്ചു. ഈ നീക്കത്തിനും ആസന്നമായ തോല്വിഒഴിവാക്കാനില്ല. തോല്‍വിയോടെ നിലവിലെ ചാമ്പ്യന്മാര് അഞ്ചാം സ്ഥാനത്തേക്കു വീണു. ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനു മൂന്നു കളിയില്‍ ഒമ്പത് പോയിന്റാണുള്ളത്. റയല്‍ രണ്ടിനെതിരേ അഞ്ചു ഗോളിന് ഒസാസുനയെ തോല്‍പ്പിച്ചു. അത്ലറ്റികോ മാഡ്രിഡ് മറുപടിയില്ലാത്ത നാലു ഗോളിനു സെല്‍റ്റ ഡി വിഗോയെ തകര് ത്തു.