പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിക്കായി പ്രത്യേക കബറിടം ഒരുക്കി പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി. മുഖ്യമന്ത്രി എന്ന നിലയില്‍ പുതുപ്പള്ളിക്കും പള്ളിക്കും നല്കിയ സേവനത്തിന് ആദര സൂചകമായിട്ടാണു പ്രത്യേക കബറിടം നിർമിക്കാൻ പള്ളി അധികാരികള്‍ തീരുമാനിച്ചത്.
വൈദികരുടെ കബറിടത്തോട് ചേര്‍ന്നാണ് കബറിടം. അദ്ദേഹത്തിന്റെ കരോട്ട് വള്ളക്കാലില്‍ കുടംബക്കല്ലറ നിലനില്‍ക്കെയാണു പള്ളി പ്രത്യേകം സൗകര്യം ഒരുക്കിയിരിക്കുന്നത്.
പള്ളിയുടെ കിഴക്കുവശത്തെ മുറ്റത്ത് വൈദികരുടെ കബറുകള്‍ക്കു സമീപം വടക്കുകിഴക്കുവശത്തായാണു പുതിയ കബറിടം പണിയുന്നത്.
സുഖത്തിലും ദുഃഖത്തിലും ആദ്യം അഭയം തേടിയെത്തുന്ന പ്രിയപ്പെട്ട ഇടത്താണ് ഉമ്മന്‍ചാണ്ടിക്ക് അന്ത്യവിശ്രമം. പുതുപ്പള്ളിയെന്ന നാട് ഉമ്മന്‍ചാണ്ടിയുടെ വികാരമായിരുന്നെങ്കില്‍ പുതുപ്പള്ളി പള്ളി ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ എക്കാലവും ഉമ്മന്‍ചാണ്ടിക്കു പ്രിയപ്പെട്ടവയായിരുന്നു.
എവിടെയായിരുന്നാലും ഞായറാഴ്ച പുലര്‍ച്ചെ പുതുപ്പളളി പള്ളിയില്‍ കുര്‍ബാനയ്ക്ക് എത്തുന്നതായിരുന്നു ശീലം. ദേവാലയത്തില്‍ എത്തുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിയുടെയോ, എംഎല്‍എയുടെയോ രാഷ്ടീയക്കാരന്റെയോ മേല്‍വിലാസം ഇല്ലായിരുന്നു. തീര്‍ത്തും സാധാരണക്കാരന്.
പള്ളിയുടെ പിന്‍ഭാഗത്തെ വാതലിനോടു ചേര്‍ന്നാണു നിന്നിരുന്നത്. പള്ളിയുടെ നടയില്‍ ഉമ്മന്‍ ചാണ്ടി ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പലതവണ പ്രചരിച്ചിരുന്നു.
ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കേണ്ട അവസരങ്ങളിലും പള്ളിയിലോ, പള്ളിക്കു മുമ്പിലെ കുരിശിന് ചുവട്ടിലോ എത്തി പ്രാര്‍ഥിക്കുന്നതു പതിവായിരുന്നു.