കൽപ്പറ്റ: ഹൈദരാബാദിൽ നടന്ന പണം കവർച്ചയുമായി ബന്ധപ്പെട്ട് വയനാട് സ്വദേശി അടക്കം നാലു മലയാളികളെ ഹൈദരാബാദ് പോലീസ് കോഴിക്കോടുനിന്ന് അറസ്റ്റ് ചെയ്തു.
മാനന്തവാടി എടവക കാരക്കുനി ബാരിക്കൽ തൻസീഹ് (23), കോഴിക്കോട് കുറുവങ്ങാട് സ്വദേശികളായ വരകുന്നുമ്മൽ തൻസിഫ് അലി (24), തെട്ടത്ത് മീത്തൽ അബ്ദുൾ മുഹിസ് ( 23), കണ്ണൂർ കൊളച്ചേരി മുഹമ്മദ് സഹദ് (27) എന്നിവരാണ് അറസ്റ്റിലായത്.
ഹൈദരാബാദിലെ ഹിമായത്ത് നഗറിലെ പഞ്ചാബ് നാഷണൽ ബാങ്ക് എടിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയ കോഴിക്കോട് സ്വദേശിയും ആന്ധ്രയിൽ താമസിക്കുന്നതുമായ മജീദിനെയാണ് കവർച്ച ചെയ്തത്.
കുരുമുളക് സ്പ്രേ അടിച്ച് ആക്രമിച്ച് ഏഴു ലക്ഷം രൂപയാണ് കവർന്നത്. സെൻട്രൽ സോണ്‍ കമ്മീഷണർ ടാസ്ക് ഫോഴ്സും ദൊമാൽഗുഡ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ജൂലൈ മൂന്നിനാണ് കവർച്ച നടന്നത്. പ്രതികളിൽനിന്നു മൂന്നര ലക്ഷത്തോളം രൂപയും മോഷണത്തിന് ഉപയോഗിച്ച കാർ, ബൈക്ക്, കുരുമുളക് സ്പ്രേ കുപ്പി തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്.
തൻസീഹിനെ കാണ്മാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്ന് മാനന്തവാടി പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് അറസ്റ്റിലായ വിവരം അറിയുന്നത്.