പാറശാല: ചെങ്കവിളക്കു സമീപം ബൈ പാസ് റോഡിൽ നിന്നും പതിനാലു ലക്ഷം രൂപയും പതിനേഴു പവൻ സ്വർണവുമായി യുവാവ് പിടിയിലായി. മലപ്പുറം തിരൂർ അതവനാട്പതിക്കളത്തിൽ തൊടി ഹൗസിൽ മുഹമ്മദ് റാഷിദാണ് (27 ) പിടിയിലായത്.
യുവാവിന്റെ പക്കൽനിന്നു 14,00,175 രൂപയും 140ഗ്രാം സ്വർണക്കട്ടികളും പോലീസ് പിടിച്ചെടുത്തു.ഇന്നലെ വൈകുന്നേരം പരിശോധന നടത്തുകയായിരുന്ന പൊഴിയൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ അനിൽകുമാറും സംഘവുമാണ് ഇയാളെ പിടികൂടിയത്.
ബൈ പാസ് കേന്ദ്രീകരിച്ചു മദ്യം, മയക്കുമരുന്ന്, കുഴൽ പണ മാഫിയകൾ സജീവമായി പ്രവർത്തിക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ സിഐ സതികുമാറിന്റെ നിർദേശാനുസരണം പ്രത്യേക നിരീക്ഷണം ബൈപാസ് കേന്ദ്രീകരിച്ചു പോലീസ് നടത്തിവരികയായിരുന്നു.
നിരീക്ഷണത്തിനിടെ വൈകുന്നേരം 5ന് സംശയാസ്പദമായി കണ്ട ഇരുചക്ര വാഹനത്തെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് രണ്ടു ബാഗുകളിലായി ഒളിപ്പിച്ചുവച്ചിരുന്ന പണവും സ്വർണവും കണ്ടെത്തിയത്.
യുവാവിനെ സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തപ്പോൾ ആളുകൾക്കും ജ്വല്ലറികൾക്കും കൊടുക്കാനുള്ളതാണെന്നു പറഞ്ഞതായി പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.