ഗുരുവായൂര്‍: ഉത്രാടദിവസത്തില്‍ ഗുരുവായൂരപ്പനുമുന്നില്‍ കാഴ്ചക്കുലകളുടെ സമൃദ്ധി. ഉത്രാട കാഴ്ചക്കുല സമര്‍പ്പണ ചടങ്ങുകള്‍ രാവിലെ ശീവേലിക്കുശേഷമാണ് തുടങ്ങിയത്. കൊടിമരത്തിനുമുന്നില്‍ അരിമാവ് അണിഞ്ഞതിനുമുകളില്‍ നാക്കിലയില്‍ ക്ഷേത്ര മേല്‍ശാന്തി പള്ളിശിരി ഹരീഷ് നമ്പൂതിരി ആദ്യകാഴ്ചക്കുല സമര്‍പ്പിച്ചു. തുടര്‍ന്ന് ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബരകുറുപ്പ്, ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ അഡ്വ. എ. സുരേശന്‍, അഡ്വ. ഗോപിനാഥന്‍, കെ. കുഞ്ഞുണി, പി.കെ. സുധാകരന്‍, സി. അശോകന്‍ തുടങ്ങിയവര്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു.
മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, പത്മജ വേണുഗോപാല്‍, നടന്‍ ജയരാജ് വാര്യര്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം. നാരായണന്‍ തുടങ്ങിയവരും ഗുരുവായൂരപ്പനുമുന്നില്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു. തുടര്‍ന്നാണ് ഭക്തരും കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചത്. നൂറുകണക്കിന് കുലകളാണ് ഗുരുവായൂരപ്പനുമുന്നില്‍ കുന്നുകൂടിയത്. കാഴ്ചക്കുലകളില്‍ ഒരുഭാഗം ദേവസ്വത്തിലെ ആനകള്‍ക്ക് നല്‍കി. ക്ഷേത്രക്കുളത്തിനു സമീപം അണിനിരന്ന 20ഓളം ആനകള്‍ക്ക് കാഴ്ചക്കുല, അവില്‍, ചര്‍ക്കര തുടങ്ങിയ വിഭവങ്ങള്‍ നല്‍കി.
കാഴ്ചക്കുലകളിലെ ഒരുഭാഗം ഭക്തര്‍ക്കു ലേലംചെയ്തു നല്‍കും. ബാക്കിയുള്ളവ നാളെ തിരുവോണസദ്യയ്ക്ക് പഴപ്രഥമന്‍ തയാറാക്കുന്നതിന് ഉപയോഗിക്കും. ക്ഷേത്രത്തില്‍ ഇന്നു രാവിലെ നടന്ന കാഴ്ചശീവേലിക്ക് ഗജരത്‌നം പത്മനാഭന്‍ കോലമേറ്റി.