നെഞ്ചുപൊട്ടുന്ന വിധിയെന്ന് സൗമ്യയുടെ അമ്മ; ഇനിയൊരു സൗമ്യ ഉണ്ടാകരുതെന്ന് താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു; ശിക്ഷ കുറഞ്ഞാല്‍ ഇനിയും പെണ്‍കുട്ടികള്‍ പിഡീപ്പിക്കപ്പെ ടുമെന്നും അമ്മ സുമതി

soumyama-amma

പാലക്കാട്: നെഞ്ചുപൊട്ടുന്ന വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായതെന്ന് സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു. കോടതിയില്‍ നിന്നും ഒരുതരത്തിലുള്ള നീതിയും തങ്ങള്‍ക്ക് ലഭിച്ചില്ല. സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിന് നിരവധി തെളിവുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതൊന്നും കോടതിയെ ബോധ്യപ്പെടുത്തിയില്ല. കേസ് വാദിക്കാന്‍ അറിയാത്ത അഭിഭാഷകനെ പുതിയ സര്‍ക്കാര്‍ നിയോഗിച്ചതുകൊണ്ടാണ് ഇത്തരത്തിലുള്ള വലിയ തിരിച്ചടിയുണ്ടായതെന്നും സുമതി പറഞ്ഞു.

വിചാരണ കോടതിയിലും ഹൈക്കോടതിയിലും വാദിച്ച അഭിഭാഷകനെ തന്നെ സുപ്രീം കോടതിയിലും നിയോഗിക്കണമെന്ന് താന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ വാദിക്കാന്‍ അറിയാത്ത ഒരാളെ സര്‍ക്കാര്‍ അഭിഭാഷകനായി നിയോഗിക്കുകയായിരുന്നുവെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.

ഇനിയൊരു സൗമ്യ ഉണ്ടാകരുതെന്ന് താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇന്നും സൗമ്യമാര്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഒരു പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിക്ക് ഇത്രമാത്രം ശിക്ഷയെ ലഭിക്കുന്നുള്ളുവെങ്കില്‍ ഇനിയും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു.

Related posts