വിഷപാമ്പുകളെ പേടി ഇല്ലാത്തവരായി ആരാണ് ഉള്ളത്. എന്നാല്‍ ഇഴജന്തുക്കളെ രക്ഷിക്കുക എന്നത് ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ പവന്‍ ജോഗ്പാലിന് നിസാര കാര്യമാണ്.
ഇതുവരെ 5600 പാമ്പുകളെയാണ് ഈ 28കാരന്‍ രക്ഷിച്ചിരിക്കുന്നത്. ഇതിനിടയില്‍ പത്ത് തവണ ഇയാള്‍ക്ക് പാമ്പ് കടിയേറ്റിട്ടുണ്ട്.
അവസാനമായി ഇയാള്‍ പാമ്പിനെ പിടികൂടുന്നത് സ്വാതന്ത്ര്യ ദിനത്തിന്‍റെ അന്നാണ്. ചടങ്ങുകളുടെ ഭാഗമായി മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്ന വേദിയ്ക്ക് സമീപത്തുള്ള തുറസായ സ്ഥലത്ത് നിന്നാണ് മൂര്‍ഖനെ പിടികൂടിയത്.
വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തില്‍ പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് കാരണമായപ്പോള്‍ മരങ്ങളില്‍ അഭയം പ്രാപിച്ച നിരവധി പാമ്പുകളെയാണ് ജോഗ്പാല്‍ രക്ഷപ്പെടുത്തിയത്.
പതിനേഴാം വയസില്‍ തന്‍റെ ഗ്രാമത്തിലെ വീട്ടില്‍ പാമ്പ് കയറി. ഓടികൂടിയ അയല്‍വാസികളും മറ്റ് ആളുകളും കൂടി അതിനെ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ ഉപദ്രവിക്കരുതെന്ന് ജോഗ്പാല്‍ പറഞ്ഞു.
പാമ്പിനെ രക്ഷിക്കാന്‍ ജോഗ്പാൽ ശ്രമിച്ചെങ്കിലും ആരോ പാമ്പിനെ അടിച്ചുകൊന്നു. അതിന്‌ശേഷം ഇയാൾ ഡിസ്‌കവറി ചാനല്‍ കാണാന്‍ തുടങ്ങി. അങ്ങനെ ചെറിയ പാമ്പുകളെ രക്ഷിക്കാന്‍ ആരംഭിച്ചു. പാമ്പ് പിടിത്തവുമായ് ബന്ധപ്പെട്ട ധാരാളം പുസ്തകങ്ങളും വായിച്ചു തുടങ്ങി. അങ്ങനെയാണ് ഇയാൾ ഒരു പാന്പ് രക്ഷകനായി മാറിയത്.