അട്ടപ്പാടിയില്‍ 74 സമൂഹ അടുക്കളകള്‍ക്കു മൂന്നരക്കോടി അനുവദിച്ചെന്നു മന്ത്രി

PKD-BALANഅഗളി: അട്ടപ്പാടി ആദിവാസി ഊരുകളിലെ 74 സമൂഹ അടുക്കളകള്‍ക്കായി മൂന്നരക്കോടി രൂപ അനുവദിച്ചതായി മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. മൂലഗംഗ ഊരില്‍ ആദിവാസികള്‍ക്കൊപ്പം കുടുംബസമേതം ഓണമാഘോഷിക്കാനെത്തിയപ്പോളാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവു മൂലമുള്ള മരണങ്ങള്‍ സംഭവിച്ചിട്ടില്ല. ജൂണ്‍, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലായി 25 കോടി രൂപ ചിലവിലാണ് അട്ടപ്പാടിയില്‍ പോഷകാഹാര പദ്ധതികള്‍ നടപ്പാക്കിയത്. ഊരുകളിലെ ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് പതിനെട്ടര കോടി രൂപ നല്‍കാന്‍ ഉത്തരവായിട്ടുണ്ട്. സംസ്ഥാനമെമ്പാടുമായി ഭവന നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് 265 കോടി രൂപയാണ് സംസ്ഥാന ബഡ്ജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.

അട്ടപ്പാടിയിലെ വൃദ്ധരായ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കാരുണ്യ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എട്ടരലക്ഷം രൂപ ഐ.ടി.ഡി.പി അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ആദിവാസികളുടെ സൗജന്യ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിക്ക് 40 ലക്ഷം രൂപ ആരോഗ്യവകുപ്പ് മുഖേന കൈമാറി. കോട്ടാത്തറ ട്രൈബല്‍ ആശുപത്രിക്ക് 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സമീപകാലത്ത് സംഭവിച്ച മണികണ്ഠന്‍ എന്ന കുട്ടിയുടെ മരണം പോഷകാഹാരക്കുറവു മൂലമല്ലെന്ന് വ്യക്തമായിട്ടുണെ്ടന്ന് മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസത്തില്‍ കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു.

ഊരിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകളിലെത്താനായി നടപ്പാക്കിയ ഗോത്രസാരഥ വാഹന പദ്ധതിയുടെ കുടിശിക മുഴുവന്‍ തീര്‍ക്കാന്‍ നടപടിയായിട്ടുണ്ട്. ജനനി-ജന്മരക്ഷ പദ്ധതിയില്‍ കുടിശികയുള്ള 87 ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് ഉടന്‍ നല്‍കും. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകള്‍ നവീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് രണ്ടുലക്ഷം രൂപ ചിലവില്‍ 5000 പഠനമുറികള്‍ സജ്ജീകരിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തുവരുന്നതായും മന്ത്രി അറിയിച്ചു. തുടര്‍ന്ന് മന്ത്രി എ.കെ. ബാലനും കുടുംബാംഗങ്ങളും ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടിയും മൂലഗംഗയില്‍ ഊരുനിവാസികള്‍ക്കൊപ്പം ഓണമുണ്ടു.

രാവിലെ പത്തരയ്ക്ക് കോട്ടാത്തറ സബ്‌സ്റ്റേഷനില്‍ ഭൂതാര്‍-ഇടവാണി ഊരിലേക്കുള്ള വൈദ്യുതി ലൈന്‍ ഉദ്ഘാടനമായിരുന്നു മന്ത്രിയുടെ ആദ്യ പരിപാടി. 48 ലക്ഷം രൂപ ചിലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. തരിശായിക്കിടക്കുന്ന ആദിവാസി ഭൂമി സ്വന്തം ഇഷ്ടപ്രകാരം വിട്ടുനല്‍കിയാല്‍ അവിടെ കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിക്കാനും ആദിവാസികള്‍ക്ക് പങ്കാളിത്തം നല്‍കാനുമുള്ള പദ്ധതി സര്‍ക്കാര്‍ പരിഗണനയിലുണെ്ടന്ന് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു.

അഡ്വ. എന്‍. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡോ. പി. രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗങ്ങളായ പി. രാജന്‍, സി. രാധാകൃഷ്ണന്‍, അട്ടപ്പാടി ബ്‌ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരീ രേശന്‍, വൈസ് പ്രസിഡന്റ് കെ. ശിവശങ്കരന്‍, ബ്‌ളോക്ക്പഞ്ചായത്ത് അംഗം മുരുകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജ്യോതി അനില്‍കുമാര്‍, രത്തിന രാമമൂര്‍ത്തി, വാര്‍ഡംഗം മല്ലിക, ഐ.ടി. ഡി.പി അട്ടപ്പാടി പ്രൊജക്ട് ഓഫീസര്‍ സി. സത്യദാസ്, കെ.എസ്.ഇ.ബി പാലക്കാട് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസാദ് മാത്യു, പുതൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജയന്‍ നാലുപുരയ്ക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts