കോഴിക്കോട്: മൂന്നാം തവണയും നിപ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുമ്പോള്‍ 2018ന് സമാനമായ സാഹചര്യം പുനഃസൃഷ്ടിക്കപ്പെടുകയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
സംസ്ഥാനത്തെ ആദ്യത്തെ നിപ മരണമെന്ന് സ്ഥിരീകരിച്ച പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട വളച്ചുകെട്ടിവീട്ടില്‍ സാബിത്തിന് പഴം തീനി വവ്വാലുകളില്‍നിന്നാണ് നിപ പിടിപെട്ടത്.
സാബിത്ത് മേയ് നാലിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സിടി സ്കാന്‍ ചെയ്യാന്‍ എത്തിയിരുന്നു. ഇതുവഴിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം പടര്‍ന്നതും മരണം രണ്ടക്കസംഖ്യയിലേക്ക് എത്തിയതും.
സ്കാന്‍ ചെയ്യാന്‍ എത്തിയവര്‍ക്ക് മുന്നിലൂടെ സാബിത്തിനെകൊണ്ടുപോയ ആശുപത്രിയിലെ ഇടുങ്ങിയ വഴിയില്‍ നിന്നുമാണ് പത്തോളം പേര്‍ക്ക് രോഗബാധയുണ്ടായത്. ഈ സമയത്ത് സാബിത്ത് നിര്‍ത്താതെ തുമ്മിയിരുന്നു.
സാബിത്തിനെ മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിന് മുന്‍പ് പേരാമ്പ്ര ആശുപതിയില്‍ സാബിത്ത് ചികില്‍സ തേടിയിരുന്നു. ഇവിടെ വച്ചാണ് ആരോഗ്യ പ്രവര്‍ത്തക ലിനിക്ക് രോഗം പിടിപെടുന്നതും അവര്‍ മരണപ്പെടുന്നതും.
സാബിത്തില്‍ നിന്നാണ് പേരാമ്പ്ര ആശുപത്രിയില്‍ ആ സമയം ഉണ്ടായിരുന്ന നാലുപേര്‍ക്കും മെഡിക്കല്‍ കോളജില്‍നിന്നു പത്തുപേര്‍ക്കും രോഗം പിടിപെട്ടത്. സാബിത്തിന്റെ സഹോദരന്, പിതാവ്, അവരുടെ സഹോദരി എന്നിവരും മരണത്തിന് കീഴടങ്ങി.
ഇതേസാഹചര്യമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശി ആദ്യമായി ചികില്‍സ തേടിയത് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിലുമായിരുന്നു.
കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചതെന്ന് സ്ഥിരീകരിച്ച ആയഞ്ചേരി സ്വദേശിയും ചികില്‍സയിലുണ്ടായിരുന്നു. മരുതോങ്കര സ്വദേശിയും പ്രവാസിയുമായ ഇദ്ദേഹത്തില്‍നിന്നാണ് ആയഞ്ചേരി സ്വദേശിക്ക് നിപ ബാധിച്ചത്.
ഈ സമയം ആശുപത്രിയിലുണ്ടായിരുന്ന പ്രവാസിയുടെ രണ്ടുമക്കളും ബന്ധുവുമാണ് ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.
മരുതോങ്കര സ്വദേശിക്ക് നിപ പിടിപ്പെട്ടതെങ്ങനെ എന്ന കാര്യത്തില്‍ അവ്യക്തതതുടരുകയാണ്. ഇദ്ദേഹത്തിന്റെ മൃതദേഹം കൂടുതല്‍ പരിശോധനളൊന്നുമില്ലാതെ ന്യൂമോണിയയെന്ന ഡോക്ടര്‍മാരുടെ സാക്ഷ്യപ്പെടുത്തലിനെ തുടര്‍ന്ന് സംസ്കരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടിക വിപുലീകരിക്കാനാണ് തീരുമാനം.
ആശുപത്രിയില്‍ വരുന്ന സാഹചര്യത്തില്‍ എല്ലാവരും മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന പ്രോട്ടോക്കോള്‍ ഉള്‍പ്പെടെയുണ്ട്. എന്നാല്‍ ഇതാരും പാലിക്കാത്താണ് രോഗ വ്യാപനം ഉണ്ടാകുമ്പോള്‍ ഇത്രയും വലിയ സമ്പര്ക്കപ്പട്ടികയിലേക്ക് നയിക്കുന്നതെന്നും രോഗ വ്യാപനത്തിന് ഇടയാക്കുന്നതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
മുക്കത്ത് 2021 സെപ്റ്റംബറില്‍ 13 വയസുകാരന് മരിച്ചതുമാത്രമാണ് വ്യത്യസ്തമായുള്ളത്. വീട്ടിലെ ആട് റംബൂട്ടാന് കഴിക്കുകയും അതുവഴി കുട്ടിയിലേക്ക് അസുഖം പിടിപെടുകയുമായിരുന്നുവെന്നാണ് കണ്ടെത്തിയത്. അന്ന് കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഉള്‍പ്പെടെ 250-ല്‍പരം പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് ഉണ്ടാക്കിയത്.