സൗമ്യയുടെ കുടുംബത്തിന് നീതി ലഭിക്കണം…! ഗോവിന്ദച്ചാമിയെ നേരിട്ടു കണ്ടിട്ടില്ലെന്നും പരിചയപ്പെട്ടിട്ടില്ലെന്നും ‘ആകാശപ്പറവകളുടെ കൂട്ടുകാര്‍’

Govindaതൃശൂര്‍: സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ പത്രങ്ങളില്‍ വന്ന ഫോട്ടോകളിലൂടെയല്ലാതെ കണ്ടിട്ടില്ലെന്നും പരിചയപ്പെട്ടിട്ടില്ലെന്നും ആകാശപ്പറവകളുടെ കൂട്ടുകാര്‍ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക ഡയറക്ടര്‍ ഫാ. ജോര്‍ജ് കുറ്റിക്കല്‍ പറഞ്ഞു. തങ്ങളുടെ ഒരു ശുശ്രൂഷാ കേന്ദ്രത്തിലും ഒരിക്കല്‍പോലും ഗോവിന്ദച്ചാമി കടന്നുവന്നിട്ടില്ല.

ഗോവിന്ദച്ചാമിക്കുവേണ്ടി വാദിച്ച ആരോപണവിധേയനായ വക്കീലിന്റെ പേരും പത്രങ്ങളിലൂടെ വായിച്ചറിഞ്ഞതല്ലാതെ പരിചയമില്ല. സൗമ്യയുടെ കുടുംബത്തിന് നീതിയും സ്‌നേഹവും കാരുണ്യവും ലഭിക്കണമെന്നല്ലാതെ മറ്റൊരു നിലപാടും തങ്ങള്‍ക്കില്ലെന്നും ഫാ.ജോര്‍ജ് കുറ്റിക്കല്‍ കൂട്ടിച്ചേര്‍ത്തു. ചില മാധ്യമങ്ങള്‍ കെട്ടിച്ചമച്ച് ആരോപിക്കുന്നതുപോലെ കോയമ്പത്തൂരോ കുന്നംകുളത്തോ മുംബൈയിലോ തങ്ങള്‍ക്ക് ശുശ്രൂഷാകേന്ദ്രമോ യൂണിറ്റോ ഇല്ല. ഒരു വിദേശ ഏജന്‍സിയുടെയും സഹായവും ലഭിച്ചിട്ടില്ല.

സൗമ്യക്ക് സംഭവിച്ചതുപോലെ മറ്റൊരു പെണ്‍കുട്ടിക്കും സംഭവിക്കരുത് എന്നാണ് തങ്ങളുടെ ആഗ്രഹം. ആകാശപ്പറവുകളുടെ കൂട്ടുകാരായ കന്യാസ്ത്രീകള്‍പോലും ഉള്‍പ്പെടുന്ന വനിതാ പ്രവര്‍ത്തകര്‍ സൗമ്യയുടെ അമ്മ കൊളുത്തിനല്‍കിയ ദീപവുമായി കേരളത്തിലങ്ങോളമിങ്ങോളം തെരുവുകളിലൂടെ നടത്തിയ ജ്യോതിപ്രയാണവും കലാമാധ്യമങ്ങള്‍ ഉപയോഗിച്ച് നടത്തിയ ബോധവത്കരണ യാത്രയും കേരളത്തിലെ ജനങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. യാത്രയെ നാനാജാതി മതസ്ഥര്‍ ഉള്‍ക്കൊള്ളുന്ന കേരള ജനത ആവേശത്തോടെയാണ് സ്വീകരിച്ചത്.

കേരളത്തിലെയും ഭാരതത്തിലെയും തെരുവോരങ്ങളില്‍ അലയുന്ന ഭിക്ഷാടകരെയും മാനസികരോഗികളെയും ദുര്‍ഗന്ധം വമിക്കുന്ന വസ്ത്രത്തോടും ശരീരത്തോടുംകൂടി സ്വീകരിച്ച് ആനയിച്ച് കുളിപ്പിച്ച് പുതുവസ്ത്രങ്ങള്‍ അണിയിച്ച് ശുശ്രൂഷിക്കുന്ന പ്രസ്ഥാനമാണ് ആകാശപ്പറവകളുടെ കൂട്ടുകാര്‍.

ഒരു വിദേശ ഏജന്‍സിയുടെയും സഹായം ഇല്ലാതെ അയല്‍ക്കാരുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നത്. അങ്ങനെയുള്ള കൂട്ടുകാരെ ഗോവിന്ദച്ചാമിയുമായി കൂട്ടിക്കെട്ടി വ്യാജ ആരോപണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയും പ്രചരിപ്പിക്കുന്നത് ഒട്ടും ശരിയായ നടപടിയല്ലെന്നും ഫാ.ജോര്‍ജ് കുറ്റിക്കല്‍ പറഞ്ഞു.

Related posts