വലിയ ബോളിവുഡ് താരമായിട്ടൊന്നും കാര്യമില്ല; വീടും പരിസരവും ശ്രദ്ധിക്കണം. അല്ലെങ്കില്‍ കോര്‍പറേഷന്‍ അധികൃതര്‍ കേസെടുക്കും. പറഞ്ഞുവരുന്നത് ബോളിവുഡ് താരം ഷാഹിദ് കപൂറിനെക്കുറിച്ചാണ്. പ്രതിവാര പരിശോധനയ്ക്കിറങ്ങിയ കോര്‍പറേഷനിലെ കൊതുകുനിവാരണ സംഘമാണ് ഷാഹിദിന്റെ വീട്ടില്‍ അമിതമായി കൊതുകു വളരുന്നതു കണെ്ടത്തിയത്.
മുംബൈയിലെ ജുഹു താരാ റോഡിലുള്ള വസതിയിലാണ് സംഭവം. ഈഡിസ് ഈജിപ്തി ഇനത്തില്‍പ്പെട്ട കൊതുകുകളായിരുന്നു അവിടെ. ഇതേത്തുടര്‍ന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തു. കൊതുകുകളുടെ പ്രജനനം തടയാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനാണ് കേസ്.
അതേസമയം, കോര്‍പറേഷന്‍ അധികൃതരുടെ നടപടിയെ സ്വാഗതം ചെയ്ത് ഷാഹിദ് കപൂര്‍ രംഗത്തെത്തി. വീടിന്റെ പരിസരം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. വീട്ടില്‍ നവജാത ശിശുവുള്ള സാഹചര്യത്തില്‍ കൊതുകിനെ നശിപ്പിക്കാന്‍ സഹായിച്ച കോര്‍പറേഷന്‍ അധികൃതരോട് നന്ദി പറയാനും അദ്ദേഹം മറന്നില്ല.
ഷാഹിദ് കപൂറിന്റെ വീടിനു സമീപംതന്നെ താമസിക്കുന്ന ബോളിവുഡ് താരം വിദ്യാ ബാലനു ഡെങ്കിപ്പനിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊതുകുനിവാരണത്തിനു ശ്രമിക്കാത്തതിനാല്‍ ബോളിവുഡ് താരങ്ങളായ അനില്‍ കപൂര്‍, ജൂഹി ചൗള, ഗായകന്‍ അമിത് കിഷോര്‍ ഗാംഗുലി എന്നിവര്‍ക്ക് കഴിഞ്ഞ വര്‍ഷം കോര്‍പറേഷന്‍ നോട്ടീസ് നല്കിയിരുന്നു.