വാഷിംഗ്ടണ്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തും. ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിക്കിടെയായിരിക്കും ഇരുവരുടെയും കൂടിക്കാഴ്ച്ചയെന്നാണ് വിവരങ്ങള്‍. ബുധനാഴച കൂടിക്കാഴ്ച്ച നടന്നേക്കുമെന്നാണ് വിവരങ്ങള്‍. നെതന്യാഹുവിന്റെ ഓഫീസ് വൃത്തങ്ങള്‍ ഞായറാഴ്ച്ചയാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.
ഭീകരതയ്‌ക്കെതിരെയുള്ള ചെറുത്തു നില്‍പ്പ് ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരങ്ങള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പരസ്പര സൈനിക സഹായം സംബന്ധിച്ചുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടേക്കാമെന്നും ഇത് ഇരു രാജ്യങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുമെന്നും വൈറ്റ് ഹൗസ് സെക്രട്ടറി ജോണ്‍ ഏണസ്റ്റ് വ്യക്തമാക്കി.സുരക്ഷാ സംബന്ധമായ കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നേക്കുമെന്നാണ് സൂചനകള്‍.