പയ്യന്നൂര്‍: കവ്വായി കായലില്‍ ഒരുവര്‍ഷത്തിലേറെയായി കെട്ടിയിട്ടിരുന്ന ഫ്ലോട്ടിംഗ് റൂം കാണാതായി. കുറച്ചു ദിവസങ്ങളായി ഓരോ ഭാഗങ്ങളായി തകര്‍ന്നുകൊണ്ടിരുന്ന ഇത് വെള്ളത്തില്‍ മുങ്ങിപ്പോവുകയോ ഒഴുകി പോവുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് പരിസരവാസികളുടെ അനുമാനം.
ഇവിടെത്തന്നെ മുങ്ങിയിട്ടുണ്ടെങ്കില്‍ പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്കി സംരക്ഷിച്ചുവരുന്ന കവ്വായിയിലെ കണ്ടല്‍ സമൃദ്ധിക്കും ഇവിടുത്തെ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഭീഷണിയായി മാറുമെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്.
രാമന്തളി പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന ഏറന്‍പുഴയില്‍ കുറച്ചുദിവസം കാണപ്പെട്ട ഈ ഫളോട്ടിംഗ് റൂം പഞ്ചായത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് കവ്വായി കായലിലെത്തിച്ചിരുന്നത്.
കേരളത്തില്‍ സ്വകാര്യ സംരംഭകര്‍ നിര്‍മിച്ച ചില റിസോര്‍ട്ടുകളിലെ ജലാശയത്തില്‍ ഇത്തരം സംവിധാനങ്ങളുണ്ടെങ്കിലും അവയ്ക്കെല്ലാം ആവശ്യമായ ഇന്‍ഷൂറന്‍സ് പരിരക്ഷയും സുരക്ഷയുമൊരുക്കി അനുമതി നേടിയ ശേഷമാണ് ഉപയോഗപ്പെടുത്തിയിരുന്നത്.
എന്നാല്‍, ഇത്തരത്തിലുള്ള ഒരനുമതിയുമില്ലാത്ത ജലോപരിതലത്തിലെ ഈ താമസ സൗകര്യം കവ്വായി കായലില്‍ കെട്ടിയിട്ടിരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ നവംബറില്‍ രാഷ് ട്രദീപിക വാര്‍ത്ത നല്‍കിയിരുന്നു.
ഈ സംവിധാനത്തിന് നിലവില്‍ ഒരുവകുപ്പില്നിന്നുമുള്ള അനുമതിയും ലഭിച്ചിരുന്നില്ലെന്നും വാര്‍ത്തയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പക്ഷേ, പയ്യന്നൂര്‍ നഗരസഭ പരിധിയിലെ ഈ നിയമ വിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ ഒരുനടപടിയും എടുത്തുകണ്ടില്ല. കവ്വായി കാലിക്കടപ്പുറത്തെ കായലില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റോ മറ്റനുമതിയോ ഇല്ലാതെ കെട്ടിയിട്ടിരുന്ന ഈ ഫളോട്ടിംഗ് റൂം സംവിധാനം ക്രമേണ സാമൂഹിക വിരുദ്ധരാണ് ഉപയോഗപ്പെടുത്തിയിരുന്നത്.
എന്നാല്‍, കുറച്ചുനാളുകളായി ഇതിന്റെ ഭാഗങ്ങളോരോന്നായി കായലിലേക്ക് തകര്‍ന്നുവീണുകൊണ്ടിരുന്നു. ഇന്നു രാവിലെ മുതല്‍ അവശേഷിച്ച ഭാഗങ്ങളും കാണാതാവുകയായിരുന്നു.