സര്‍വീസിനിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദിച്ചു

TVM-MARDANAMഅഞ്ചല്‍: സര്‍വീസ് നടത്തുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ഡ്രൈവറുടെ മര്‍ദനം. കൊല്ലം ഡിപ്പോയിലെ ഡ്രൈവര്‍ ശിവന്‍കുട്ടി(50)യ്ക്കാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസിന്റെ ഡ്രൈവര്‍ മനോജി(32)നെ പോലീസ് കസ്റ്റഡിയിലെടുത്തു.അഞ്ചല്‍-കുളത്തൂപ്പുഴ റൂട്ടില്‍ വലിയേല ജംഗ്ഷന് സമീപമാണ് സംഭവം. സമയക്രമം തെറ്റിച്ചെന്നാരോപിച്ച് ഇരു ബസിലേയും ഡ്രൈവര്‍മാര്‍ തമ്മില്‍ അഞ്ചല്‍ മുതല്‍തന്നെ വാക്കുതര്‍ക്കമുണ്ടായിരുന്നു.

കൊല്ലത്തുനിന്നും-കുളത്തൂപ്പുഴയിലേക്ക് നിറയെ യാത്രക്കാരുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി വേണാട് ബസിനെ നിരവധിതവണ സ്വകാര്യബസ് അപകടകരമായ രീതിയില്‍ മറികടക്കാന്‍ ശ്രമിച്ചതായി ഇരു ബസിലേയും യാത്രക്കാര്‍ പറഞ്ഞു.  അഞ്ചല്‍-കുളത്തൂപ്പുഴ പാതയില്‍ കെഎസ്ആര്‍ടിസിയുടെ വേണാട് ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകളും സ്വകാര്യ ബസുകളും തമ്മില്‍ മത്സരയോട്ടം പതിവാണെങ്കിലും ഇന്നലെയുണ്ടായ സംഭവം യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കി.

കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ചതോടെ ഇരുബസുകളിലേയും യാത്രക്കാര്‍ മറ്റ് ബസുകളില്‍ യാത്രചെയ്താണ് കുളത്തൂപ്പുഴയിലെത്തിയത്. വലിയേല ജംഗ്ഷന് സമീപമെത്തിയപ്പോള്‍ കെഎസ്ആര്‍ടിസി ബസിനെ ഓവര്‍ടേക്ക് ചെയ്ത് സ്വകാര്യ ബസ് നിര്‍ത്തിയശേഷം മനോജ്  ഇറങ്ങിവന്ന് ശിവന്‍കുട്ടിയെ മര്‍ദിക്കുകയായിരുവെന്നാണ് യാത്രക്കാരും നാട്ടുകാരും പറഞ്ഞത്. സംഭവത്തെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ച സ്വകാര്യ ബസ് ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞുവച്ച് കുളത്തൂപ്പുഴ പോലീസിന് കൈമാറി.
സംഭവത്തെ തുടര്‍ന്ന് കൊല്ലം-കുളത്തൂപ്പുഴ റൂട്ടില്‍ അരമണിക്കൂറിലധികം ഗതാഗത തടസമുണ്ടായി.

കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകളുമായി സ്വകാര്യ ഓര്‍ഡിനറി സര്‍വീസുകള്‍ മത്സരം നടത്തേണ്ട യാതൊരു ആവശ്യവുമില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിര്‍ത്താത്ത എല്ലാ സ്റ്റോപ്പുകളിലും ഇറങ്ങേണ്ട യാത്രക്കാര്‍ ഇത്തരം സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. യാത്രക്കാരുമായി സാഹസിക യാത്ര നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ശക്തമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Related posts