കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനാഘോഷങ്ങളുടെ ഭാഗമായി 24, 25 തീയതികളില്‍ ജില്ലാതല ജലസംരക്ഷണ ശില്പശാല, ഫോട്ടോ പ്രദര്‍ശനം, മെഡിക്കല്‍ എക്‌സിബിഷന്‍, വൃക്കരോഗ സൗജന്യപരിശോധനാ ക്യാമ്പ്, ചിത്രരചനാ മത്സരം, പ്രബന്ധരചനാ മത്സരം എന്നീ പരിപാടികള്‍ സംഘടിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ പഞ്ചായത്തുമായി ചേര്‍ന്നു കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണു പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ 10ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും.
തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായിരിക്കും. ജലസംരക്ഷണ ശില്പശാല മേയര്‍ ഇ.പി. ലതയും വൃക്കരോഗ സൗജന്യ പരിശോധന ക്യാമ്പ് പി.കെ. ശ്രീമതി എംപിയും ഫോട്ടോ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷും ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ സി. കൃഷ്ണന്‍, ജയിംസ് മാത്യു, ടി.വി. രാജേഷ് എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കും. ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി സ്വാഗതം ആശംസിക്കും. തുടര്‍ന്നു “ജലസമൃദ്ധി, നല്ല കുടിവെള്ളം” എന്ന വിഷയത്തില്‍ ശില്പശാല നടക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതി രൂപീകരണത്തിന് ഉപകാരപ്പെടുന്ന രീതിയിലാണു ശില്പശാല ഒരുക്കിയിട്ടുള്ളത
്. ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും അതത് പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നം സംബന്ധിച്ച വിവരം ശില്പശാലയുടെ ഭാഗമായി ശേഖരിച്ചുവരുന്നു. ജലസംരക്ഷണ പ്രവര്‍ത്തനത്തിലെ മികച്ച മാതൃകകളുടെ അനുഭവം പങ്കുവയ്ക്കലും ശില്പശാലയിലുണ്ടാകും. ഗ്രാമപഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭ ചെയര്‍മാന്‍മാര്‍, തദ്ദേശസ്ഥാപനങ്ങളിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികള്‍, കോളജ്, ഹയര്‍സെക്കന്‍ഡറി, ഹൈസ്്കൂള്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മറ്റ് വിവിധ മേഖലകളിലെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരാണ് ശില്പശാലയില്‍ പങ്കെടുക്കുക.
ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. ശില്പശാലയുടെ തുടര്‍ പ്രവര്‍ത്തനമായി ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതി തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനാണു ലക്ഷ്യമിടുന്നത്. പരിയാരം മെഡിക്കല്‍ കോളജുമായി സഹകരിച്ച് വടകര തണല്‍ ഒരുക്കുന്ന “വൃക്കക്ക് ഒരു തണല്‍” എക്‌സിബിഷന്‍ വൃക്കരോഗം, ചികിത്സാ രീതികള്‍, വൃക്കയുടെ പ്രവര്‍ത്തനം, രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ വിശദീകരിക്കുന്ന വിപുലമായ പ്രദര്‍ശനമാണ്.
ആവശ്യമുള്ളവര്‍ക്ക് വൃക്കരോഗ സൗജന്യപരിശോധനയ്ക്കുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കും. 24, 25 തീയതികളില്‍ വൈകുന്നേരം അഞ്ചു വരെ മെഡിക്കല്‍ എക്‌സിബിഷന്‍ കാണാന്‍ സൗകര്യമുണ്ടായിരിക്കും. കണ്ണൂര്‍ പ്രസ് ക്ലബുമായി സഹകരിച്ചു ജില്ലയിലെ പ്രസ് ഫോട്ടോഗ്രാഫര്‍മാരുടെ ജലം, പരിസ്ഥിതി വിഷയമായ ഫോട്ടോ പ്രദര്‍ശനവും രണ്ടു ദിവസങ്ങളിലായി നടക്കും. കോളജ്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധരചനാ മത്സരം, എല്‍പി, യുപി, എച്ച്എസ് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം (വാട്ടര്‍ കളര്‍), സ്റ്റാംപ് പ്രദര്‍ശനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കുള്ള മത്സരങ്ങള്‍ 25ന് രാവിലെ 10 ന് കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡി സ്കൂളില്‍ പ്രശസ്ത ചിത്രകാരന്‍ കെ.കെ. മാരാര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. കളക്ടറേറ്റ് പിആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, എഡിഎം മുഹമ്മദ് യൂസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍, തണല്‍ എക്‌സിബിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം. ഷമീര്‍, കണ്ണൂര്‍ തണല്‍ സെക്രട്ടറി വി.വി. മുനീര്‍ എന്നിവര്‍ സംബന്ധിച്ചു.