കോഴിക്കോട്: കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയുണ്ടായ വ്യാജബോംബ് ഭീഷണി സംബന്ധിച്ച അന്വേഷണം വഴിമുട്ടുന്നു. ഇന്റര്‍നെറ്റ് സഹായത്തോടെ വിളിക്കുന്ന ഹുണ്ടി കോള്‍ ആയതിനാലാണ് പോലീസ് വട്ടംകറങ്ങുന്നത്. സാധാരണ ഫോണില്‍നിന്നും വരുന്ന കോളുകള്‍ ട്രെയ്സ് ചെയ്യാന്‍ എളുപ്പമാണെങ്കിലും ഇന്റര്‍നെറ്റ് വഴിയുള്ള ഫോണ്‍ കോള്‍ കണ്ടെത്തുക വലിയ പ്രയാസമാണ്.
സംഭവുമായി ബന്ധപ്പെട്ട് പോലീസ് കൊയമ്പത്തൂരിലും മറ്റും അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. നിലവില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കേസ് അന്വേഷിക്കുന്നതെന്ന് നടക്കാവ് സിഐ ടി.കെ. അഷ്റഫ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് ഊര്‍ജിത അന്വേഷണം നടത്തുന്നതായും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച്ച പുലര്‍ച്ചെ 2.30ഓടെയാണ് നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് അജ്ഞാതന്റെ ഫോണ്‍ സന്ദേശം വന്നത്.
പാക്കിസ്ഥാനില്‍നിന്നാണ് വിളിക്കുന്നതെന്ന് ഹിന്ദിയില്‍ പറഞ്ഞുതുടങ്ങിയ സന്ദേശത്തില്‍ പ്രധാനമന്ത്രിയുടെ വേദിയില്‍ ബോംബ് പൊട്ടുമെന്ന് അറിയിച്ച് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. വ്യാജബോംബ് ഭീഷണിയെ തുടര്‍ന്ന് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ വേദികളിലെല്ലാം കര്‍ശന പരിശോധനയാണ് പോലീസ് നടത്തിയിരുന്നത്. വേദികളെല്ലാം പോലീസും ഡെല്‍ഹിയില്‍നിന്നെത്തിയ ബോംബ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു.
രണ്ടുദിവസം പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളുടെ വേദികളെല്ലാം കര്‍ശന നിരീക്ഷണത്തിലായിരുന്നു. പ്രധാനമന്ത്രിയുടെ ഓരോ നീക്കവും എസ്പിജി അടക്കമുള്ളവരുടെ കര്‍ശന സുരക്ഷാ വലയത്തിലായിരുന്നു. ഇതിന്റെ ഭാഗമായി സ്വപ്നനഗരയിലെ വേദിയുടെ ആകൃതിപോലും എസ്പിജി ഉദ്യോഗസ്ഥര്‍ അവസാന നിമിഷം മാറ്റിച്ചിരുന്നു.
കെട്ടുവള്ളത്തിന്റെ മാതൃകയില്‍ തീര്‍ത്ത വേദി സുരക്ഷാ കാരണങ്ങളാല്‍ പൊളിച്ചുനീക്കിയത് സംഘാടകര്‍ക്ക് ചെറിയ വിഷമവും നല്‍കിയിരുന്നു. പ്രധാനമന്ത്രി സഞ്ചരിക്കുന്ന രീതിയിലും അടിക്കടി എസ്പിജി ഉദ്യോഗസ്ഥര്‍ മാറ്റം വരുത്തിയിരുന്നു. കോഴിക്കോട്ട് റോഡ് മാര്‍ഗം യാത്ര ചെയ്ത പ്രധാനമന്ത്രിയുടെ കാറിന്റെ സുരക്ഷയ്ക്കായി ഓരോ തവണയും സുരക്ഷാചുമതലയുള്ള എസ്പിജി വ്യത്യസ്ഥ രീതിയാണ് സ്വീകരിച്ചിരുന്നത്.