വയോജനദിനം നാളെ: വൃദ്ധജനപരിപാലനം ആഘോഷങ്ങളിലൊതുങ്ങുന്നു

TVM-OLDMAN

സ്വന്തം ലേഖകന്‍

നെയ്യാറ്റിന്‍കര: വയോജന ദിനമായ നാളെ വിവിധ ആഘോഷപരിപാടികള്‍ നാടൊട്ടുക്കും അരങ്ങേറും. പക്ഷെ, വൃദ്ധജന പരിപാലനം വാഗ്ദാനങ്ങളിലൊതുങ്ങുന്നതായി ആക്ഷേപം. സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരായി കണക്കാക്കപ്പെടുന്ന വൃദ്ധജനങ്ങള്‍ക്ക് വേണ്ടത്ര സംരക്ഷണവും ശുശ്രൂഷയുമൊക്കെ ലഭ്യമാകണമെന്ന ലക്ഷ്യത്തോടെയാണ് വയോജനദിനാചരണത്തിന് തുടക്കം കുറിച്ചത്. എന്നാല്‍, ലക്ഷ്യം സാധ്യമാകാതെ അവശേഷിക്കുകയും ആഘോഷങ്ങള്‍ കെങ്കേമമായി അരങ്ങു തകര്‍ക്കുകയും ചെയ്യുന്നുവെന്നതാണ് വാസ്തവം.

പകല്‍വീട്, വൃദ്ധസദനം മുതലായ നിരവധി പദ്ധതികള്‍ ഇവര്‍ക്കായി ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന വാഗ്ദാനങ്ങള്‍ പോലും പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും യാഥാര്‍ഥ്യമായിട്ടില്ല. നെയ്യാറ്റിന്‍കര നഗരസഭയില്‍ ആറാലുംമൂട് ആരംഭിച്ച പകല്‍വീട് കെട്ടിട നിര്‍മാണത്തിലൊതുങ്ങി. വയോജനങ്ങള്‍ക്ക് പകല്‍സമയം ചെലവഴിക്കാനൊരു സങ്കേതം എന്നതായിരുന്നു പകല്‍വീടിന്റെ ആശയം.  കെട്ടിടം പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനം ഇതുവരെ ആരംഭിക്കാനായിട്ടില്ലത്രെ. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്താണ് പകല്‍വീട് നിര്‍മിച്ചത്.

വയോജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ നഗരസഭ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുവെന്നും പകല്‍വീട്  അധികം വൈകാതെ ആവശ്യമായ സംവിധാന ങ്ങളോടെ പ്രവര്‍ത്തനം തുടങ്ങുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍ ഹീബ രാഷ്ട്രദീപികയോട് പറഞ്ഞു. മുപ്പതോളം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷനില്‍ ദിവസവും നൂറു കണക്കിന് ഗുണഭോക്താക്കളാണ് ദിനംപ്രതി വന്നുപോകുന്നത്. എന്നാല്‍ ഇവിടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വിശ്രമകേന്ദ്രമോ അവര്‍ക്ക് അല്‍പ്പ സമയം ഇരിക്കാനുള്ള സൗകര്യങ്ങളോ ഇല്ല.

പുതിയ ഗതാഗത പരിഷ്കരണവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ബസ്സുകളില്‍  വരുന്നവര്‍ക്ക് മിനി സിവില്‍ സ്റ്റേഷനില്‍ എത്താനായി കാല്‍നടയായി കുറച്ചു ദൂരം സഞ്ചരിക്കണം. ഫ്‌ളക്‌സ് ബോര്‍ഡുകളും വാഹനങ്ങളും കൊണ്ട് നിറഞ്ഞ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കായി വിശ്രമകേന്ദ്രം ഒരുക്കണമെന്ന ആവശ്യവും  ഉയരുന്നു. നെയ്യാറ്റിന്‍കരയിലും പരിസര പ്രദേശങ്ങളിലും നല്ല വെയിറ്റിംഗ് ഷെഡുകള്‍ പോലും ഇല്ലായെന്നത് മുതിര്‍ന്ന യാത്രക്കാരെ വലയ്ക്കുന്ന വിഷയമാണ്.

ജനറല്‍ ആശുപത്രിക്കു മുന്നിലെ വെയിറ്റിംഗ് ഷെഡിന്റെ സ്ഥിതി പരിതാപകരം. ആലുംമൂട് ജംഗ്ഷനില്‍   തിരുവനന്തപുരം ഭാഗത്തേയ്ക്ക് വാഹനം കാത്തു നില്‍ക്കുന്നവര്‍ പൊരിവെയിലും പെരുമഴയും സഹിച്ചേ മതിയാകൂ. ഇവിടെ വെയിറ്റിംഗ് ഷെഡ്ഡില്ല. ആറാലുംമൂട് ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ് ഏതു നിമിഷം വേണമെങ്കിലും നിലംപൊത്താമെന്ന നിലയിലാണ്.

Related posts